KCL| ആവേശപ്പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്‌സ്

Jaihind News Bureau
Thursday, August 21, 2025

തിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഒരു വിക്കറ്റിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ചാണ് ബിജു നാരായണന്‍ കൊല്ലത്തിന് വിജയം ഒരുക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍ എം ഷറഫുദ്ദീനാണ്  പ്ലെയര്‍ ഓഫ് ദി മാച്ച്.

കാലിക്കറ്റിനെതിരെയുള്ള വിജയചരിത്രം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു കൊല്ലം. ഫൈനല്‍ ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്ന് മല്‌സരങ്ങളിലും വിജയം കൊല്ലത്തിനൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്.  ഏദന്‍ ആപ്പിള്‍ ടോമിനെയും അമലിനെയും കണക്കിന് പ്രഹരിച്ചാണ് രോഹന്‍ ഇന്നിങ്‌സ് തുടങ്ങിയത്. ബൗണ്ടറികളും സിക്‌സുകളും തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ ഒരോവറില്‍ ഒന്‍പത് റണ്‍സ് ശരാശരിയിലാണ് കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ട് നീങ്ങിയത്. മറുവശത്ത് പതിഞ്ഞ താളത്തില്‍ തുടങ്ങിയ സച്ചിന്‍ സുരേഷിന് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. തന്റെ ആദ്യ സ്‌പെല്ലിലെ ആദ്യ പന്തില്‍ തന്നെ സച്ചിനെ മടക്കി ഷറഫുദ്ദീന്‍ കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. 10 റണ്‍സെടുത്ത സച്ചിന്‍, ഷറഫുദ്ദീന്റെ പന്തില്‍ ബിജു നാരായണന്‍ പിടിച്ചാണ് പുറത്തായത്.  അടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത അഖില്‍ സ്‌കറിയയെയും ഷറഫുദ്ദീന്‍ തന്നെ മടക്കി.

മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന രോഹന്‍ 21 പന്തുകളില്‍ തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഷറഫുദ്ദീനെ സിക്‌സര്‍ പറത്തിയാണ് രോഹന്‍ അന്‍പത് തികച്ചത്. എന്നാല്‍ ബിജു നാരായണനെ മടക്കി വിളിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. രോഹനെ അഭിഷേക് ജെ നായരുടെ കൈകളിലെത്തിച്ച് ബിജു നാരായണന്‍ കാലിക്കറ്റിന്റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമിടുകയായിരുന്നു. 22 പന്തുകളില്‍ മൂന്ന് ഫോറും ആറ് സിക്‌സും അടക്കം 54 റണ്‍സാണ് രോഹന്‍ നേടിയത്.  തുടര്‍ന്നെത്തിയവരില്‍ ഭൂരിഭാഗം പേരും അനാവശ്യ ഷോട്ടുകളിലൂടെ പറത്താവുന്നതാണ് കണ്ടത്. അജിനാസിനെ എം എസ് അഖിലും അന്‍ഫലിനെ എ ജി അമലും പുറത്താക്കി. ഒരറ്റത്ത് ഉറച്ചു നില്ക്കാന്‍ ശ്രമിച്ച സല്‍മാന്‍ നിസാറിനെ സച്ചിന്‍ ബേബിയും പുറത്താക്കിയതോടെ വലിയൊരു തകര്‍ച്ചയ്ക്ക് മുന്നിലായിരുന്നു കാലിക്കറ്റ്. എന്നാല്‍ വാലറ്റത്ത് കൂറ്റന്‍ അടികളിലൂടെ കളം നിറഞ്ഞ മനുകൃഷ്ണന്റെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 138 വരെയെത്തിച്ചത്. 14 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 25 റണ്‍സാണ് മനു കൃഷ്ണന്‍ നേടിയത്. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീന്‍ നാല് വിക്കറ്റും എ ജി അമല്‍ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. എം യു ഹരികൃഷ്ണനാണ് വിഷ്ണു വിനോദിനെ ക്ലീന്‍ ബൗള്‍ഡാക്കി കാലിക്കറ്റിന് മികച്ച തുടക്കം നല്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും ചേര്‍ന്ന് മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ സ്‌കോര്‍ 44ല്‍ നില്‌ക്കെ 24 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായത് ബാറ്റിങ് തകര്‍ച്ചയുടെ തുടക്കമായി. എസ് മിഥുനാണ് സച്ചിനെ പുറത്താക്കിയത്. തൊട്ടു പിറകെ 21 റണ്‍സെടുത്ത അഭിഷേക് ജെ നായരെ അഖില്‍ സ്‌കറിയയും പുറത്താക്കി. തുടര്‍ന്ന് മുറയ്ക്ക് വിക്കറ്റുകള്‍ വീണ കൊല്ലത്തെ കരകയറ്റിയത് വത്സല്‍ ഗോവിന്ദും എ ജി അമലും ചേര്‍ന്ന 32 റണ്‍സിന്റെ കൂട്ടുകെട്ടാണ്. എന്നാല്‍ മല്‌സരം അവസാന ഓവറുകളിലേക്ക് കടക്കെ 41 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 14 റണ്‍സെടുത്ത അമലും മടങ്ങി. മല്‌സരത്തില്‍ കാലിക്കറ്റ് പിടിമുറുക്കിയെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഏദന്‍ ആപ്പിള്‍ ടോമും ബിജു നാരായണനും ചേര്‍ന്ന് അവസാന വിക്കറ്റില്‍ അവിശ്വസനീയ തിരിച്ചുവരവൊരുക്കിയത്.

അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് ശേഷിക്ക് കൊല്ലത്തിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സായിരുന്നു. എന്നാല്‍ രണ്ട് സിക്‌സുകള്‍ പറത്തി ബിജു നാരായണന്‍ ടീമിനെ വിജയത്തിലെത്തിച്ചു.  ബിജു നാരായണന്‍  ഏഴ് പന്തുകളില്‍ നിന്ന് 15ഉം ഏദന്‍ ആപ്പിള്‍ ടോം ആറ് പന്തുകളില്‍ നിന്ന് പത്തും റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ബിജു നാരായണന്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ നാലും എസ് മിഥുന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.