ബാധയൊഴിപ്പിക്കലിന്റെ പേരില്‍ പതിനാറുകാരിക്ക് പീഡനം; മന്ത്രവാദിക്കെതിരെ പോക്‌സോ കേസ്

Jaihind News Bureau
Monday, February 9, 2026

 

പുത്തൂര്‍ (കൊല്ലം): മന്ത്രവാദത്തിലൂടെ ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ജ്യോത്സ്യനെതിരെ പുത്തൂര്‍ പോലീസ് കേസെടുത്തു. വെണ്ടാര്‍ അരീക്കല്‍ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് വിളിക്കപ്പെടുന്ന രാജന്‍ ബാബുവിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

പെണ്‍കുട്ടിയും അമ്മയും ജ്യോതിഷ കാര്യങ്ങള്‍ക്കായി നേരത്തെ രാജന്‍ ബാബുവിനെ സമീപിച്ചിരുന്നു. കുട്ടിയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ശരീരത്തില്‍ കയറിയ ബാധയാണെന്നും മന്ത്രവാദത്തിലൂടെ ഇത് ഒഴിപ്പിച്ചു നല്‍കാമെന്നും രാജന്‍ ബാബു ഇവരെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയോടെ അമ്മയും മകളും അരീക്കലിലെ ഇയാളുടെ വീട്ടിലെത്തി.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവര്‍ക്ക് മന്ത്രവാദിയെ കാണാന്‍ അവസരം ലഭിച്ചത്. പൂജയ്‌ക്കെന്ന പേരില്‍ പെണ്‍കുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയ ജ്യോത്സ്യന്‍ രണ്ട് മണിക്കൂറോളം കുട്ടിയെ പുറത്തുവിട്ടില്ല. സംശയം തോന്നി അമ്മ അകത്തുകയറി നോക്കിയപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.

വിവരമറിഞ്ഞ് നാട്ടുകാര്‍ മന്ത്രവാദിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ജനക്കൂട്ടം ബഹളം വെക്കുന്നതിനിടയിലാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. രാജന്‍ ബാബുവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും പുത്തൂര്‍ എസ്.എച്ച്.ഒ. സി. ബാബുക്കുറുപ്പ് അറിയിച്ചു.