കൊല്ലത്ത് ദേശീയപാത തകര്‍ന്നു വീണ സംഭവം: നിര്‍മ്മാണം അശാസ്ത്രീയം; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി

Jaihind News Bureau
Friday, December 5, 2025

കൊല്ലം മൈലക്കാട് ദേശീയപാത 66-ന്റെ ഉയരപ്പാതയുടെ ഭാഗം ഇടിഞ്ഞുവീണ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി, ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പേരില്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര ദേശീയപാത, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോടും ദേശീയപാത അതോറിറ്റി അധികൃതരോടും ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രധാന കാരണം എന്നും എം.പി. ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഭൂപ്രകൃതിക്കും പ്രദേശത്തിന്റെ സവിശേഷതകള്‍ക്കും അനുസരിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെയാണ് നിലവിലെ നിര്‍മ്മാണം. ദേശീയപാതയെയും സര്‍വ്വീസ് റോഡുകളെയും വേര്‍തിരിച്ച്, വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത്തരം നിര്‍മ്മാണ രീതി നിരന്തരമായ അപകടങ്ങളിലൂടെ അശാസ്ത്രീയമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍, നിലവില്‍ ഉപയോഗിക്കുന്ന ‘എര്‍ത്ത് റിടൈനിംഗ് വാളുകള്‍ക്ക്’ പകരമായി, പില്ലറുകള്‍ക്ക് മേലുള്ള ‘എലിവേറ്റഡ് ഹൈവേ’ ആണ് നിര്‍മ്മിക്കേണ്ടതെന്നും എം.പി. ആവശ്യപ്പെട്ടു. എര്‍ത്ത് റിടൈനിംഗ് വാളുകള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിച്ചുകൊണ്ടാണ് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

ദേശീയപാതയുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഉണ്ടായിട്ടുള്ള ഗുരുതരമായ അപാകതകള്‍ കാരണം സര്‍വ്വീസ് റോഡിലൂടെയുള്ള ഗതാഗതം അപകടകരമായ നിലയില്‍ തുടരുകയാണ്. അതിനാല്‍, അടിയന്തിരമായി ഒരു വിദഗ്ധ സംഘത്തിന്റെ പരിശോധന നടത്തി, എര്‍ത്ത് റിടൈനിംഗ് വാള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയുടെ നിര്‍മ്മാണം പുനഃപരിശോധിക്കണം. സര്‍വ്വീസ് റോഡിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. കൂടാതെ, സംഭവത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം നിതിന്‍ ഗഡ്കരിയോട് അഭ്യര്‍ത്ഥിച്ചു.