കൊല്ലം ഇനി ‘കൈ’പ്പിടിയിൽ; മൂന്ന് പതിറ്റാണ്ടിന്‍റെ ഇടത് ഭരണത്തിന് അന്ത്യം

Jaihind News Bureau
Saturday, December 13, 2025

കൊല്ലം കോര്‍പ്പറേഷന്‍ രൂപീകൃതമായതു മുതലുള്ള ഇടതു ഭരണത്തിന് തടയിട്ടു. ചരിത്ര വിജയവുമായിട്ടാണ് ഇക്കുറി യുഡിഎഫ് തേരോട്ടം നടത്തിയത്.അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവും മുഖമുദ്രയാക്കിയ ഇടത് ദുര്‍ഭരണത്തെ യുഡിഎഫ് തളച്ചപ്പോള്‍ നിലവിലെ മേയറും മേയര്‍സ്ഥാനത്തേക്ക് സിപിഎം ഉയര്‍ത്തിക്കാട്ടിയിരുന്നു മുന്‍ മേയര്‍ അടക്കമുള്ള പ്രമുഖര്‍ കൂപ്പുകുത്തി വീണു.

കൊല്ലം കോര്‍പ്പറേഷന്‍ രൂപീകൃതമായതു മുതലുള്ള ഇടതുമുന്നണിയുടെ ഭരണത്തിന് തടയിട്ട് മിന്നുന്ന വിജയമാണ് യുഡിഎഫ് ഇക്കുറി നേടിയത്.കൊല്ലം നഗരത്തിന്റെ വികസനത്തെ പിന്നോട്ട് അടിപ്പിച്ച ഇടത് ദുര്‍ഭരണത്തിന് അറുതി വരുത്തുവാന്‍ കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് ടീം യുഡിഎഫ് ഇക്കുറി നടത്തിയത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവും മുഖമുദ്രയാക്കിയ ഇടത് ദുര്‍ഭരണത്തെ തുറന്നുകാട്ടി എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന കുറ്റ വിചാരണ യാത്രയോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

നഗരസഭയില്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകമാനം കൈവരിച്ച മികച്ച വിജയം വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും പകരുന്നത്. കശുവണ്ടി ഉള്‍പ്പെടെ പരമ്പരാഗത തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈറ്റില്ല മായിരുന്ന കൊല്ലത്ത് പരമ്പരാഗത വ്യവസായ മേഖലയുടെ തകര്‍ച്ച വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റും മുന്‍ നഗരവികസന അതോറിറ്റി ചെയര്‍മാനുമായ ഏകെ ”ഹഫിസിനെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫ് തേരോട്ടം നടത്തിയത്.
മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ നിലവിലെ മേയര്‍ ഹണി ബെഞ്ചമിനും സിപിഎം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്ന മുന്‍മേയര്‍ രാജേന്ദ്ര ബാബുവും,വി കെ അനിരുദ്ധനും ഉള്‍പ്പെടെയുള്ള പ്രമുഖനിര അടിതെറ്റി വീണു.കൊല്ലം നഗരസഭയില്‍ യുഡിഎഫ് നേടിയ ചരിത്രവിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ടീം യുഡിഎഫിന് കൂടുതല്‍ ഉള്‍ക്കരുത്ത് പകരുകയാണ്.