വ്യാജവാറ്റും വ്യാജമദ്യവില്പനയും കണ്ടെത്തുന്നതിന് കൊല്ലത്ത് എക്സൈസ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണമാരംഭിച്ചു. ലോക്ക് ഡൗൺ നീട്ടിയതോടെ വ്യാജവാറ്റും ചാരായവില്പനയും വർധിക്കുവാൻ സാധ്യത ഉള്ളതായി എക്സൈസ് ഇൻവെസ്റ്റിഗേഷൻ & എൻഫോഴ്സ്മെന്റ് ബ്യുറോ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളിയിൽ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങിയത്. പ്രധാന വാറ്റു കേന്ദ്രങ്ങൾ , വെള്ളക്കെട്ടുകളും ചതുപ്പും കുറ്റിക്കാടുകളുമായി പെട്ടെന്ന് എത്തിപ്പെടുവാൻ പറ്റാത്ത സ്ഥലങ്ങൾക്കു പ്രാമുഖ്യംനൽകിയാണ് പരിശോധന. ചില വാറ്റു കേന്ദ്രങ്ങളെ പറ്റി സൂചന ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഈ സ്ഥലങ്ങളിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും നടത്തും. വ്യാജവാറ്റ് കൂടുതൽ നടക്കുന്നത് രാത്രി കാലങ്ങളിൽ ആയതിനാൽ രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ ശക്തമാക്കുവാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.