ദുബായ് : പ്രവാസി മലയാളികളുടെ സ്‌നേഹമധുരം, കൂറ്റന്‍ കേക്കായി കൊല്ലത്ത് പറന്നിറങ്ങുന്നു. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ഓഗസ്റ്റ് 17 തിങ്കളാഴ്ച ( ചിങ്ങം ഒന്ന് ) ഉദ്ഘാടനം ചെയ്യുമ്പോള്‍, വേദിയില്‍ മുറിക്കുന്നത് ഇന്‍കാസ് ഷാര്‍ജ കൊല്ലം ജില്ലാ കമ്മിറ്റി സമ്മാനിക്കുന്ന കടല്‍ കടന്നെത്തുന്ന മധുരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്നാണ് പ്രവാസികളുടെ സ്‌നേഹോപഹാരമായ കേക്ക് മുറിക്കുകയെന്ന്, ഷാര്‍ജ ഇന്‍കാസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് കെ രാജശേഖരന്‍, ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ പത്തിനാണ് സ്‌നേഹസമ്മാനമായി കേക്ക് എത്തുക. കൊവിഡ് കാലഘട്ടത്തില്‍ വിമാനയാത്രക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍, കേക്ക് കൊല്ലത്തെ പ്രമുഖ ബേക്കറിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയാണ് വേദിയില്‍ എത്തിക്കുക.
അത്യാധുനിക സൗകര്യങ്ങളോടെ, എണ്ണൂറ് പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഹാള്‍ സഹിതമുള്ള ഡി സി സി ഓഫീസ് , കേരളത്തിലെ മികച്ച ഡി സി സി ഓഫീസുകളില്‍ ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് പ്രവര്‍ത്തകരായ കൊല്ലത്തുകാര്‍ പറഞ്ഞു. നേരത്തെ, ചെറുതും വലുതുമായ രീതിയില്‍ ഗള്‍ഫിലെ നിരവധി പ്രവാസികളും ഈ കോണ്‍ഗ്രസ് ഭവന്‍റെ അതിവേഗ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ വരെ നല്‍കി ഈ ദൗത്യത്തില്‍ പങ്കാളികളായി.
കൊവിഡ് സങ്കടക്കാലത്ത് ലളിതമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. എങ്കിലും , ഉദ്ഘാടന ദിവസത്തെ കേക്ക് തങ്ങളുടെ വകയായിരിക്കുമെന്ന് നേരത്തെ തന്നെ ഡി സി സി പ്രസിഡണ്ട് ബിന്ദു കൃഷ്ണയെ ഇവര്‍ അറിയിക്കുകയായിരുന്നു. കടല്‍ കടന്നെത്തുന്ന മധുര വാര്‍ത്ത, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ തെന്നല ജി ബാലകൃഷ്ണ പിള്ളയെയും പ്രവാസികള്‍ അറിയിച്ചു. ഇപ്രകാരം, ചിങ്ങം ഒന്ന് ദിനത്തില്‍ കൊല്ലത്ത് കോണ്‍ഗ്രസ് ഭവന്‍ തുറക്കുമ്പോള്‍, വൈകിട്ട് ആറിന് ഷാര്‍ജയില്‍ നിര്‍ധനരായ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഷാര്‍ജ ഇന്‍കാസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് കെ. രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരു മധുരം എന്നതിന് അപ്പുറം പാര്‍ട്ടിയോടും പ്രസ്ഥാനത്തോടുമുള്ള തങ്ങളുടെ കടപ്പാടും ഉത്തരവാദിത്വവുമായി അടയാളപ്പെടുത്തുകയാണ് ഈ പ്രവാസികള്‍.