ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകർത്ത് കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനലില്‍ ഏറ്റവും ചെറിയ സ്കോറിന്‍റെ നാണക്കേടും ഏറ്റുവാങ്ങിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കൊല്‍ക്കത്ത വെറും 113 റണ്‍സിന് പുറത്താക്കി. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത കേവലം 10.2 ഓവറില്‍ മറികടന്നു. ഐപിഎല്‍ 17-ാം സീസണില്‍ വിജയകിരീടമുയര്‍ത്തിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇത് മൂന്നാം കിരീട നേട്ടം കൂടിയായി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. സണ്‍റൈസേഴ്സിനെ 113 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് കൊല്‍ക്കത്ത ബാറ്റിംഗിനിറങ്ങിയത്. 57 പന്തുകൾ ബാക്കിനിൽക്കെയാണ് കൊൽക്കത്ത ഫൈനലിൽ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. യുവതാരം വെങ്കിടേഷ് അയ്യർ അർധസെഞ്ചുറിയുമായി പുറത്താകാതെനിന്നു. വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 4 ഫോറുകളും 3 സിക്സറുകളുമായി 52 റണ്‍സെടുത്തു. സുനില്‍ നരെയ്ന്‍റെയും റഹ്മാനുള്ള ഗുര്‍ബാസിന്‍റെയും വിക്കറ്റുകളുടെ നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു. ഗുര്‍ബാസിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 67 ബോളില്‍ 12 റണ്‍സ്. 10.2 ഓവറില്‍ കൊല്‍ക്കത്ത വിജയ റണ്‍ നേടി.
കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടും വൈഭവ് അറോറ, സുനിൽ നരെയ്ൻ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ്, ഷഹ്ബാസ് അഹ്മദ് എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.