ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി കോഹ്‌ലി: തീരുമാനം പുനഃപരിശോധിക്കൂവെന്ന് ബിസിസിഐ

Jaihind News Bureau
Saturday, May 10, 2025

സൂപ്പര്‍താരം വിരാട് കോഹ്‌ലി ടെസറ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ വൃത്തങ്ങള്‍ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഔദ്യാേഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മുതല്‍ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് വിവരം. ഈ വര്‍ഷം ആദ്യം നടന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം കോഹ്‌ലിക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് വിരാട് കോഹ്ലി. 123 ടെസ്റ്റ് മത്സരങ്ങളില്‍ (210 ഇന്നിങ്സുകളില്‍) നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.