വാങ്കഡെയില്‍ ചരിത്രം കുറിച്ച് കോഹ്‌ലി; 50-ാം സെഞ്ചുറി; സച്ചിനെ മറികടന്നു

Jaihind Webdesk
Wednesday, November 15, 2023

 

മുംബൈ: സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്ന് വിരാട് കോഹ്‌ലി. 50 സെഞ്ചുറികള്‍ എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേർത്തത്. മുംബൈ വാങ്കഡെയില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലായിരുന്നു  കോഹ്‌ലിയുടെ ചരിത്ര നേട്ടം.

113 പന്തില്‍ 117 റണ്‍സാണ് കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ റെക്കോർഡ് നേട്ടത്തിന് സാക്ഷാല്‍ സച്ചിനും സ്റ്റേഡിയത്തില്‍ സാക്ഷിയായി. 290-ാം ഏകദിനത്തിലാണ് കോഹ്‌ലി തന്‍റെ അമ്പതാം സെഞ്ചുറി തികച്ചത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്‍റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കി. 2003-ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്‍റെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അല്‍ ഹസന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്.

ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് നിലവില്‍ കോഹ്‌ലി. 18,426 റൺസ് നേടിയ സച്ചിനും 14,234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും മാത്രമാണ് ഇനി കോഹ്‌ലിക്ക് മുമ്പിലുള്ളത്. മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗിന്‍റെ 13,704 റണ്‍സ് മറികടന്നാണ് വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തെത്തിയത്. കോഹ്‌ലിയുടേത് തനിക്ക് വലിയ സന്തോഷം നല്‍കുന്ന നേട്ടമാണെന്ന് സച്ചിന്‍ പ്രതികരിച്ചു. തന്‍റെ റെക്കോർഡ് മറികടന്നത് ലോകകപ്പിലെ സെമിഫൈനല്‍ മത്സരത്തിലാണെന്നത് ഇരട്ടി മധുരം പകരുന്നുവെന്നും അദ്ദേഹം കുറിച്ചു.