കോടിയേരിക്ക് യാത്രാമൊഴി; സംസ്കാര ചടങ്ങുകള്‍ പയ്യാമ്പലത്ത് നടന്നു

Jaihind Webdesk
Monday, October 3, 2022

കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി.

ഇന്നലെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തുടർന്ന് വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായി തലശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോയി പൊതുദർശനത്തിന് വെച്ചു. രാത്രി വൈകി ടൗൺ ഹാളിൽ നിന്നും മൃതദേഹം മാടപ്പീടികയിലെ വീട്ടിലെത്തിച്ച് പൊതുദർശനം തുടർന്നു. രാവിലെ 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിലെത്തിലേക്ക് കൊണ്ടുപോയി. ആയിരങ്ങളാണ് വിവിധയിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ അഴീക്കോടൻ സ്മാരകത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.

തുടർന്ന് 3 മണിയോടെ പയ്യാമ്പലം കടപ്പുറത്തേക്ക് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിലാപയാത്രയെ അനുഗമിച്ചു. തുടർന്ന് മുഖ്യമന്ത്രി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ ചേർന്ന് മൃതദേഹം തോളിലേറ്റി പയ്യാമ്പലത്തൊരുക്കിയ
ചിതയ്ക്കരികിലെത്തിച്ചു. തുടർന്ന് സംസ്ഥാന പോലീസ് അന്തിമോപചാരം നൽകി.

ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരങ്ങൾക്ക് സമീപമാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കിയത്. 3. 40 ഓടെ മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. പ്രകാശ് കാരാട്ട്, എം.എ ബേബി, എസ് രാമചന്ദ്രൻ പിള്ള, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സണ്ണി ജോസഫ്  എംഎല്‍എ, എന്‍.കെ പ്രേമചന്ദ്രൻ എംപി, എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, എ വിജയരാഘവൻ, മന്ത്രിമാർ, സ്പീക്കർ എ.എന്‍ ഷംസീർ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം അനുസ്മരണ യോഗവും ചേർന്നു. കേരളത്തില്‍ സിപിഎമ്മിനെ വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക നേതൃത്വം നല്‍കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്നും സിപിഎമ്മിലെ സൗമ്യമായ മുഖമാണ് കോടിയേരിയുടെതെന്നും നേതാക്കൾ അനുസ്മരിച്ചു.