ന്യൂഡല്‍ഹി : കെ.വി തോമസ് വിഷയത്തിലെ പരാമർശത്തിന് കോടിയേരിയെ ചരിത്രം ഓര്‍മ്മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എന്തുകൊണ്ടാണ് ബാലൻ മാസ്റ്ററെയും, ഗൗരിയമ്മയെയും പുറത്താക്കിയതെന്ന് സിപിഎം ഓർക്കുന്നത് നന്നായിരിക്കും. കോടിയേരി ബാലകൃഷ്ണൻ ചരിത്രത്തെ തമസ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ ഏത് സമ്മേളനങ്ങളില്‍ വിളിച്ചാലും സിപിഎം നേതാക്കളെ പങ്കെടുക്കാൻ അനുവദിക്കാറുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കായിരുന്നു കെ.സി വേണുഗോപാല്‍ എം.പിയുടെ മറുപടി.
”കോടിയേരി ചരിത്രത്തെ തമസ്‌കരിക്കരുത്. ആരായിരുന്നു ഗൗരിയമ്മ മാർക്‌സിസ്റ്റ് പാർട്ടിക്ക്? എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാൻ കാരണം? അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു എന്നതിന്‍റെ പേരിലാണ് ഇത്രയും വലിയ പാരമ്പര്യമുള്ള ഗൗരിയമ്മയെ അവര്‍ പുറത്താക്കിയത്. ബാലൻ മാസ്റ്ററെ പുറത്താക്കാൻ കാരണമെന്തായിരുന്നു? എം.വി രാഘവനെ വിളിച്ച് ഒരു ചായ കൊടുത്തു എന്നതിന്‍റെ പേരിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേതാവായിരുന്ന ബാലന്‍ മാസ്റ്ററെ പുറത്താക്കിയത്. പുറത്തുപോകുന്നവരെ കൊല്ലുന്ന ഒരു പാര്‍ട്ടി, ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് വലിയ വിരോധാഭാസമാണ്. ജി സുധാകരൻ എന്തുകൊണ്ടാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്? കെ.വി തോമസിന്‍റെ കാര്യം ചർച്ച ചെയ്യുന്നതോടൊപ്പം ജി സുധാകരന്‍റെ കാര്യം കൂടി സിപിഎം ചർച്ച ചെയ്യണം” – അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
കെ.വി തോമസ് വിഷയത്തിൽ സംസ്ഥാന നേതൃത്വം ആണ് തീരുമാനമെടുക്കേണ്ടത്. കെപിസിസി പ്രാദേശിക സാഹചര്യത്തിൽ എടുത്ത നിലപാട് മറികടക്കാൻ ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നില്ല. കെപിസിസി ശുപാർശ വന്നാൽ ആവശ്യമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.