കോടിയേരി സംഘപരിവാറിന്‍റെയും വര്‍ഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്റര്‍: ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, January 18, 2022

പാലക്കാട്: വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.  സംഘപരിവാറിന്‍റെ ടെലിപ്രോംപ്റ്ററായി കോടിയേരി മാറി. കെപിസിസിയുടെ തലപ്പത്ത് ഹിന്ദുവാണോ മുസ്ലീമാണോ എന്നു നോക്കുന്ന കോടിയേരി, വര്‍ഗീയ പണി നിര്‍ത്തിയിട്ട് കൊള്ളാവുന്നവരെ പൊലീസ് തലപ്പത്ത് വെക്കണമെന്നും ഷാഫി പരിഹസിച്ചു.

ബിജെപിയെ വെല്ലുന്ന വർഗീയ പാർട്ടിയായി സിപിഎം അധഃപതിച്ചു. സംഘപരിവാറിന്‍റെയും വര്‍ഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റര്‍ വര്‍ഗീയത പറയാന്‍ കോടിയേരി കടം മേടിച്ചതുകൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസപ്പെട്ടതെന്ന് ഷാഫി പരിഹസിച്ചു. ഭരണത്തിന്‍റെ ദയനീയ പരാജയത്തെ വര്‍ഗീയത കൊണ്ട് മറയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വര്‍ഗീയ പ്രചാരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പോലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തര വകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി പറമ്പില്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.