കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

Jaihind Webdesk
Saturday, October 1, 2022

ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിദേശപര്യടനം റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. മൃതദേഹം നാളെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനത്തിന് വെക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാരം.

കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി  1953 നവംബര്‍ 16 നാണ് കോടിയേരിയുടെ ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്‍റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. പതിനാറാം വയസില്‍ സിപിഎം അംഗത്വം സ്വീകരിച്ചു.

1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. 2015 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയായി. 2018 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2020 നവംബര്‍ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുക്കുകയും ആക്ടിംഗ് സെക്രട്ടറിയായി എ വിജയരാഘവന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു. ഭാര്യ: വിനോദിനി . ബിനോയ്, ബിനീഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില, റിനീറ്റ.