അണികൾക്ക് അക്രമ നിർദ്ദേശം; കോടിയേരിക്കെതിരെ പ്രതിഷേധം ശക്തം

Jaihind Webdesk
Wednesday, January 16, 2019

Kodiyeri-Balakrishnan

അണികൾക്ക് അക്രമ നിർദ്ദേശം നൽകുന്ന പാർട്ടി സെക്രട്ടറി കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിരവധി തവണയാണ് പ്രകോപിതമാകുന്ന തരത്തിൽ കോടിയേരി പ്രസ്താവന നടത്തിയത്. അക്രമിച്ചാൽ കണക്ക് തീർത്ത് വിടാനാണ് കോടിയേരി കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളത്ത് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്ത് അക്രമരാഷ്ട്രീയം കൊമ്പുകുത്തി വാഴുന്ന കാലത്താണ് അണികളോട് അക്രമിക്കാൻ നിർദ്ദേശവുമായി ഭരണ കക്ഷിയായ സിപിഎമ്മിന്റ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങേണ്ട ഭരണ കക്ഷിയിലെ പ്രധാന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും. എന്നാൽ കോടിയേരി ഇതാദ്യമായല്ല അക്രമത്തിന് ആഹ്വാന പ്രസംഗവുമായി രംഗത്തെത്തുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പ്രസംഗവുമയി കോടിയേരി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളത്ത് സിപിഎം സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ വച്ചായിരുന്നു കോടിയേരിയുടെ പുതിയ ആഹ്വാനം. എന്തെങ്കിലും രാഷ്ട്രീയ പ്രശ്‌നമുണ്ടായാൽ എതിരാളികളുടെ ഓഫീസ് സിപിഎം പ്രവർത്തകർ അങ്ങോട്ട് ചെന്ന് ആക്രമിക്കരുതെന്ന് കോടിയേരി പറഞ്ഞു.

ഇങ്ങോട്ട് ആക്രമിച്ചാൽ കണക്ക് തീർത്ത് കൊടുത്ത് വിട്ടേക്ക്. അപ്പോൾ മറ്റൊന്നും ആലോചിക്കേണ്ട. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്ന പോലെയാണിതെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികൾ തമ്മിൽ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കൻ പരസ്പരം മത്സരിക്കുന്ന കാലത്ത് ഇത്തരത്തിലൊരു പ്രസംഗവുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി.

https://www.youtube.com/watch?v=jpOAaw1qeBA