വനിതാമതിലിനില്ല; എന്‍.എസ്.എസിനെ വീണ്ടും കടന്നാക്രമിച്ച് കോടിയേരി

Jaihind Webdesk
Friday, December 21, 2018

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന എന്‍.എസ്.എസ് നിലപാടിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘സമദൂരം പക്ഷം ചേരലോ’ എന്ന പേരില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ‘ആര്‍.എസ്.എസ് – ബി.ജെ.പിയുടെ വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുമുണ്ടായിരിക്കുന്നത്.

ഡിസംബര്‍ 26ന് ആര്‍.എസ്.എസ് നടത്തുന്ന ‘അയ്യപ്പജ്യോതി’ യില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍.എസ്.എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടെയുമല്ലാം ആശയമാണ് വനിതാമതിലില്‍ തെളിയുന്നത്. മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തി വീഴ്ച്ചയാണ്’. എന്നിങ്ങനെയാണ് കോടിയേരിയുടെ വിമര്‍ശനം.

വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന എന്‍.എസ്.എസിന്റെ നിലപാട് പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍.എസ്.എസിനെതിരെ രംഗത്തുവരികയായിരുന്നു.  എന്‍.എസ്.എസിനെ തൊഴുത്തില്‍ കെട്ടാനുള്ള നീക്കമാണ് സുകുമാരന്‍ നായര്‍ നടത്തുന്നതെന്ന് കോടിയേരി പറഞ്ഞിരുന്നു. വിരട്ടലും കണ്ണുരുട്ടലും ഇങ്ങോട്ടുവേണ്ടെന്ന് മുഖ്യമന്ത്രിയും സുകുമാരന്‍ നായരെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി ആരെയും അംഗീകരിക്കാന്‍ തയ്യാറല്ലായെന്നും വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നുമുള്ള സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് ഭരണകക്ഷിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ സമദൂര സിദ്ധാന്തം കൈവെടിയുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.