പ്രോ ടെം സ്പീക്കർ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാതെ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവർ; ഭരണഘടന കയ്യിലേന്തി ഇന്ത്യാ സഖ്യത്തിന്‍റെ പ്രതിഷേധം

Jaihind Webdesk
Monday, June 24, 2024

 

ന്യൂഡൽഹി: ലോക്സഭയിലെ ഏറ്റവും സീനിയർ അംഗമായ കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടെം സ്പീക്കർ പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം. പ്രോ ടെം സ്പീക്കറുടെ സഹായിക്കുന്നവരുടെ പാനലില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്‍റെ പ്രതിനിധികള്‍ പിന്മാറി. ഇന്ത്യാ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്‍റെ സുദീപ് ബന്ദ്യോപാധ്യായ് എന്നിവരാണ് പ്രോ ടെം സ്‌പീക്കർ പാനലിൽ നിന്ന് പിൻമാറിയത്. ഭരണഘടനയുടെ പതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. ഏഴു തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മെഹ്താബിനെയാണ് പ്രോ ടെം സ്‌പീക്കറായി നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ ബിജെഡി നേതാവായ മെഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. എട്ടു തവണ ലോക്സഭാംഗമായ കൊടിക്കുന്നില്‍ സുരേഷിനെ മറികടന്നാണ് പ്രോ ടെം സ്പീക്കറായി ഭർതൃഹരി മെഹ്താബിനെ തിരഞ്ഞെടുത്തത്. 11 മണിയോടെ പ്രോ ടെം സ്പീക്കർ സഭാനടപടികള്‍ ആരംഭിച്ചു. എന്നാല്‍ പ്രോ ടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രോ ടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളംവെച്ചു.  വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ സത്യപ്രതിജ്ഞയ്ക്കിടെ‘നീറ്റ്, നീറ്റ്’ എന്നു വിളിച്ചായിരുന്നു പ്രതിപക്ഷം പ്രതികരിച്ചത്.

വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോ ടെം സ്പീക്കർ അറിയിച്ചു. റായ്ബറേലിയില്‍ നിന്നുള്ള അംഗമായി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക. കേരളത്തില്‍ നിന്നുള്ള 18 എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം എംപി ശശി തരൂർ വിദേശപര്യടനത്തിലായതിനാല്‍ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.