മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

Friday, December 27, 2024

Translator

 


ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്ന സമയം അവതരിപ്പിച്ച ബജറ്റുകളെല്ലാം കേള്‍ക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് താന്‍. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തൊഴില്‍ വകുപ്പില്‍ സഹമന്ത്രിയായി പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. രാജ്യം ശക്തമായ സാമ്പത്തിക ശക്തിയായി മാറിയത് മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനിലൂടെയാണ് എന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

‘മന്‍മോഹന്‍ സിംഗിന്‍റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കേണ്ടി വന്നത്. നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള അഞ്ച് ബജറ്റ് പ്രസംഗവും കേള്‍ക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഞാന്‍. അതിന് ശേഷം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തൊഴില്‍ വകുപ്പില്‍ സഹമന്ത്രിയായി പ്രവര്‍ത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് എന്നെ തൊഴില്‍ വകുപ്പില്‍ സഹമന്ത്രിയാക്കുന്നില്‍ പ്രധാന പങ്ക് വഹിച്ചത് മന്‍മോഹന്‍ സിംഗായിരുന്നു. അദ്ദേഹത്തോട് എനിക്കുള്ള കടപ്പാടും നന്ദിയും ഞാന്‍ എന്നും സൂക്ഷിക്കും. ചെറുപ്പക്കാര്‍ക്ക് എന്നും അവസരം നല്‍കിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം,’ എന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.