രാജ്യത്തെ സമസ്ത മേഖലകളിലും ബാധിച്ച സാമ്പത്തിക തളർച്ചയെ പറ്റിയുള്ള ചോദ്യങ്ങൾക്കു മുൻപിൽ നിന്നും മോഡി സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ കണക്കു പ്രകാരം 2014 -19 ലെ ജി ഡി പി നിരക്ക് 7 . 5 % ആണെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ലോക് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയ കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ വാചകക്കസർത്ത് നടത്തുകയാണ് .
കൃഷിയിലും , കെട്ടിട നിർമാണ മേഖലയിലും, വാഹന നിർമാണ മേഖലയിലും, സേവന മേഖലയിലും സംഭവിച്ച വൻമാന്ദ്യം ധന മന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരമാണ് തുറന്നു കാട്ടുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു . 2014 -19 ലെ ജി ഡി പി നിരക്ക് 7 . 5 % ആയിരുന്നുവെങ്കിൽ രാജ്യത്ത് ഉണ്ടാവേണ്ട തൊഴിലവസരങ്ങൾ , നിലവിലെ തൊഴിലിടങ്ങളിലെ പുതിയ തൊഴിലന്വേഷകർക്ക് കിട്ടേണ്ടിയിരുന്ന അവസരങ്ങൾ ഒക്കെ എവിടെയെന്ന് ധനമന്ത്രി വ്യക്തമാക്കണം .
പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേശകൻ ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വിമർശനങ്ങൾ പ്രത്യേകിച്ചും ജി ഡി പി കണക്കാക്കുന്നതിലെ അടിസ്ഥാന വർഗീകരണം പോലും മാറ്റിയ ഗവണ്മെന്റിന്റെ നടപടികൾ ഈയവസരത്തിൽ ഓർക്കേണ്ടതാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .