‘മോദിയുടേത് ഭരണകൂട ഭീകരത; നിയമവ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്നു’: കൊടിക്കുന്നില്‍ സുരേഷ് എംപി

 

കൊല്ലം: മോദിയുടെത് ഭരണകൂടഭീകരതയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മോദിയും സംഘപരിവാറും നടത്തുന്ന കടന്നാക്രമണം രാജ്യത്തെ നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്ക് എതിരായ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.

ജനാധിപത്യത്തെയും ജുഡീഷ്യറിയെയും അദാനി എന്ന കോര്‍പ്പറേറ്റ് ഭീമനു വേണ്ടി നരേന്ദ്രമോദി അടിയറ വെക്കുന്നതിന് പിന്നില്‍ മോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധ സാമ്പത്തിക കൂട്ടുകെട്ടാണെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ജനാധിപത്യത്തെയും ഭരണഘടനാ അവകാശങ്ങളെയും കശാപ്പ് ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി മോദി ഭരണത്തെ പ്രതിരോധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർലമെൻ്റിലെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നരേന്ദ്ര മോദി അല്ല രാഹുൽ ഗാന്ധി. 1000 മോദിമാർ വിചാരിച്ചാലും രാഹുൽ ഗാന്ധി എന്ന വ്യക്തിത്വത്തെ തകർക്കാൻ കഴിയില്ലെന്നും സൂര്യതേജസേടെ ഇന്ത്യൻ ജനമനസുകളിൽ രാഹുൽ ഗാന്ധി ഉദിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന സംഘപരിവാർ അജണ്ടക്കെതിരെ ചിന്നക്കടയിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപി, നേതാക്കളായ കെ.സി രാജൻ, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, എ ഷാനവാസ് ഖാൻ, എഴുകോൺ നാരായണൻ, പി ജർമിയാസ്, ബിന്ദു ജയൻ, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, കെ ബേബിസൺ, എ.കെ ഹഫീസ്, കെ സുരേഷ് ബാബു, എസ് വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, കല്ലട രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments (0)
Add Comment