വിദ്യാർത്ഥിനിയുടെ ആത്മഹത്യ : സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടണമെന്ന് കൊടിക്കുന്നിൽ സുരേഷ് | VIDEO

Jaihind News Bureau
Thursday, June 4, 2020

ഓണ്‍ലൈന്‍ അധ്യയനം ലഭിക്കാത്തതിന്‍റെ പേരില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥി പട്ടികജാതിയില്‍പ്പെട്ട ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തിലുള്ള ദളിത് ആദിവാസി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ജൂണ്‍ ഒന്നു മുതലാണ് വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ചത്. വീട്ടില്‍ ടി.വി ഇല്ലാത്തതുമൂലം ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ ദുഃഖം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളെടുക്കണം. കെ.പി.സി.സി വൈസ്പ്രസിഡന്‍റ് മണ്‍വിള രാധാകൃഷ്ണന്‍, ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ശശിധരന്‍, ബി.ഡി.സി.എല്‍ സംസ്ഥാന വൈസ്പ്രസിഡന്‍റ് മണി അഴീക്കോട്, ബി.ഡി.സി.എല്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എം.സി സുരേന്ദ്രന്‍ എന്നിവരാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.

ടി.വി, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത 2,65,000 വിദ്യാര്‍ത്ഥികള്‍ കേരളത്തിലുണ്ടെന്ന കണക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ കൈവശമുള്ളപ്പോള്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അധ്യയന സൗകര്യം ലഭ്യമാക്കാതെ ധൃതി പിടിച്ച് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം അപക്വവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഗവര്‍ണറെ ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ചട്ട വിരുദ്ധമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

കൊവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ലോക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വരുത്തിയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്‍റുമായി യാതൊരു കൂടിയാലോചനയും നടത്താതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കാന്‍ എടുത്തുചാട്ടം നടത്തിയത് മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും വേണ്ടി പി.ആര്‍ വര്‍ക്ക് നടത്തുന്നവരുടെ തലയില്‍ ഉദിച്ച വികലമായ ഒരു ആശയമാണ് ഓണ്‍ലൈന്‍ അധ്യയനമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും ഒഴിവാക്കി സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത ദേവികയെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ സൗകര്യമില്ലാത്ത പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മറ്റുള്ള കുട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യയിലൂടെ അധ്യയനം ലഭിക്കുമ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ വരുന്നത് മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്നും ഇനിയും ഇത്തരത്തില്‍ ആത്മഹത്യകള്‍ക്ക് കാരണമാകുമെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ സൂചിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പിന്‍റെയും പട്ടികജാതി/വര്‍ഗ്ഗ വകുപ്പിന്‍റെയും ഫണ്ട് വിനിയോഗിച്ച് എല്ലാ പട്ടികജാതി ആദിവാസി കോളനികളിലും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രീമെട്രിക്, കോസ്മോ പൊളിറ്റന്‍ ഹോസ്റ്റലുകള്‍, കോളനികളിലെ അംഗന്‍വാടികള്‍, കമ്മ്യൂണിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളിലെല്ലാം ടിവി സെറ്റുകള്‍ സ്ഥാപിച്ച് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ലാപ്ടോപ് ഉള്‍പ്പെടെ വിവര സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുന്ന കാര്യത്തിലും സര്‍ക്കാരിന്‍റെ അനാസ്ഥ പ്രകടമാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത നൂറുകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിദേശരാജ്യങ്ങളില്‍ ഉന്നത പഠനത്തിനുള്ള സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്.

രണ്ടുലക്ഷം പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കിയെന്ന് അവകാശപ്പെടുമ്പോള്‍ കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങള്‍ മേല്‍ക്കൂരയില്ലാതെ ഓല കുത്തി മറച്ച ചെറ്റക്കുടിലുകളിലും, ടാര്‍പ്പാളിന്‍കൊണ്ടു മറച്ച ഷെഡുകളിലും കഴിയുകയാണ്. ആത്മഹത്യ ചെയ്ത ദേവികയുടെ വീടും ഇത്തരത്തിലുള്ളതാണ്.

പട്ടികജാതി/വര്‍ഗ്ഗ വകുപ്പിന്‍റെ പ്രത്യേക ഘടകപദ്ധതിപ്രകാരം ബ്ലോക്കുകളിലൂടെ ലഭിച്ചുകൊണ്ടിരുന്ന പദ്ധതി ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന്‍റെ പേരില്‍ ഓരോ വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വീടിനുള്ള സഹായം ലഭിക്കാതെ വന്നതുകൊണ്ടാണ് ഈ വിഭാഗം ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന ചെറ്റപ്പുരകളില്‍ താമസിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണ്ണറെ ധരിപ്പിച്ചു.

https://youtu.be/2OradSfvMsY