മുഖ്യമന്ത്രി പിണറായി വിജയനോട് 45 ചോദ്യങ്ങളുമായി കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ തുറന്ന കത്ത്

Jaihind Webdesk
Sunday, December 30, 2018

കെ.എ.എസ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ദളിതരെ തിരസ്‌ക്കരിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധം

കെ.എ.എസില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഗവര്‍ണറെ കണ്ടപ്പോള്‍

ശ്രീ. പിണറായി വിജയന്‍
ബഹു.കേരളാ മുഖ്യമന്ത്രി
തിരുവനന്തപുരം

ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്,

കേരളത്തിന്റെ ആധുനിക നവോത്ഥാന നായകനാകാന്‍ ശ്രമിക്കുന്ന, നവോത്ഥാനത്തിന്റെ 82-ാം വാര്‍ഷികവും വനിതാ മതിലും നിര്‍മ്മിച്ച് പട്ടികജാതിക്കാരേയും പട്ടികവര്‍ഗ്ഗവിഭാഗങ്ങളേയും ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ അങ്ങയുടെ കീഴില്‍ നടക്കുന്ന ദളിത് ആദിവാസി ദ്രോഹ നടപടികള്‍ക്ക് പരിഹാരം കാണാന്‍ അങ്ങ് തയ്യാറാകുമോ?
ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി ധൃതി പിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന ബഹു.മുഖ്യമന്ത്രിയും അങ്ങയുടെ സര്‍ക്കാരും വിശ്വാസികളില്‍ നിന്നും ഒറ്റപ്പെട്ടപ്പോള്‍ മാത്രമാണ് താങ്കള്‍ നവോത്ഥാനത്തെ കുറിച്ചും വനിതാ മുന്നേറ്റത്തെ കുറിച്ചും ബോധവാനായത്. ശബരിമല വിഷയത്തില്‍ കൈപൊള്ളിയ ഇടതുമുന്നണി സര്‍ക്കാരിന് കേരളത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട വിശ്വാസികളുടെ വെറുപ്പ് സമ്പാദിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയ പട്ടികജാതി പട്ടികവര്‍ഗ്ഗ സ്‌നേഹം വെറും കാപട്യവും വഞ്ചനയുമാണെന്ന് ഈ വിഭാഗത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
താങ്കളുടെ നേതൃത്വത്തിലുള്ള എല്‍. ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷക്കാലത്തിനിടയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? വനിതാ മതില്‍ കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നതെന്ന് വ്യക്തമാക്കണം. ജനുവരി ഒന്നിലെ വനിതാ മതില്‍ കൊണ്ട് കേരളത്തിലെ നവോത്ഥാനം ശക്തിപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കില്‍ കേരളത്തിലെ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നല്‍കാന്‍ ബഹു.മുഖ്യമന്ത്രി തയ്യാറാകുമേ ാ എന്ന വ്യക്തമാക്കണം.
ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ പോകുന്ന വനിതാ മതിലിന് മുമ്പ് കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിലും അടൂര്‍/മാവേലിക്കര ലോക്‌സഭാ സംവരണ മണ്ഡലത്തില്‍ നിന്നും 6 തവണ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിലും ഈ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഞാന്‍ ബഹു.കേരള മുഖ്യമന്ത്രിയായ അങ്ങയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അങ്ങയുടെ മനസാക്ഷിയില്‍ നിന്നുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം
1. കേരളത്തിലെ ക്ഷേത്രപ്രവേശനമടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് 82 വര്‍ഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞു പോയ 82 വര്‍ഷവും നവോത്ഥാന വാര്‍ഷികം ആഘോഷിക്കാത്ത താങ്കളും താങ്കളുടെ പ്രസ്ഥാനവും ഇപ്പോള്‍ നവോത്ഥാന വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യ ശുദ്ധി വ്യക്തമാക്കാമോ?
2. ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ നീയന്ത്രണം ദളിത്/ആദിവാസി സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ? അവിടെ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള യുവതികള്‍ക്ക് ക്ഷേത്ര പ്രവേശനമില്ലല്ലോ? അപ്പോള്‍ പിന്നെ ദളിത്/ആദിവാസികള്‍ക്ക് മാത്രമായി എന്ത് നവോത്ഥാന മൂല്യമാണ് ശബരിമലയില്‍ നഷ്ടപ്പെട്ടത്.
3. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ജീവവായുവായ സംവരണം അട്ടിമറിച്ച് കൊണ്ട് താങ്കളുടെ സര്‍ക്കാര്‍ കേരള അഡ്മിനിസ്‌ടേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ചട്ടം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ?
4. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തെ ക്രൂരമായി പിഡിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പോലും ചെയ്യാത്ത കടുത്ത ദ്രോഹമല്ലേ താങ്കളുടെ സര്‍ക്കാര്‍ എസ്.സി./എസ്.ടി വിഭാഗങ്ങളുടെ ഭരണഘടനാ അവകാശമായ സംവരണത്തെ കെ.എ.എസിലൂടെ അട്ടിമറിച്ചിരിക്കുന്നത്.
5. കെ,എ.എസ് സ്ട്രീം 2 ലും 3 ലും സംവരണം വേണ്ടെന്ന് തീരുമാനിക്കാന്‍ താങ്കള്‍ ഏകപക്ഷിയമായി തീരുമാനിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്?
6. താങ്കളുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ.എ.എസ് നടപ്പാക്കിയാല്‍ കേരളത്തില്‍ ഇനി എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്നും ഐ.എ.എസുകാര്‍ ഉണ്ടാകുമോ?
7. കെ,എ.എസില്‍ സ്ട്രീം 2 ലും 3 ലും സംവരണം ലഭിച്ചില്ലെങ്കില്‍ സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റ് നടത്തുമെന്ന് പറയുന്നത് വെറും തട്ടിപ്പല്ലേ?
8. കെ,എ.എസില്‍ സ്ട്രീം 2 ലും 3 ലും സംവരണം എടുത്തു കളഞ്ഞിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് താങ്കളുടെ സര്‍ക്കാര്‍ നിയോഗിച്ച സി.പി.എമ്മിന്റെ അറിയപ്പെടുന്ന നേതാക്കള്‍ ചെയര്‍മാനും അംഗങ്ങളുമായിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ റൂളുകളും ചട്ടങ്ങളും ഉദ്ധരിച്ചു കൊണ്ട് സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ് തള്ളിക്കളഞ്ഞതിന്റെ കാരണം വ്യക്തമാക്കുമോ?
9. സംസ്ഥാന സര്‍ക്കാരിന് ഇത്തരം വിഷയത്തില്‍ നിയമോപദേശം നല്‍കുന്ന നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം സ്വീകരിക്കാതെ കെ.എ.എസില്‍ സംവരണം നടപ്പാക്കുകയില്ലെന്ന് ശാഠ്യം പിടിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്.?
10. ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അഭിപ്രായം കെ.എ.എസില്‍ സംവരണം കൊടുത്തേ മതിയാകൂ എന്ന നിര്‍ദ്ദേശത്തെ ലംഘിക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ തയ്യാറായത് ഏത് മാനദണ്ഡപ്രകാരമാണ്.?
11. കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എസ്.സി./എസ്.ടി വിഭാഗക്കാരുടെ നൂറുകണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും അവര്‍ക്ക് നിയമനം നല്‍കി ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഏതെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ.?
12. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ വകുപ്പ് തലവന്മാരായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എത്രപേര്‍ ഉണ്ട്?
13. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ ഇവരില്‍ എത്ര പേരാണ് എസ്.സി.എസ്.ടി വിഭാഗത്തില്‍ നിന്നും നിയമിച്ചിട്ടുള്ളത്?
14. പോലീസ് സേനയിലെ ഡി.െഎ.ജി, ഐ.ജി, എ.ഡി.ജി.പി, ഡി.ജി.പി എന്നീ തസ്തികകളില്‍ എത്ര പേരാണ് എസ്.സി./എസ്.ടി വിഭാഗത്തില്‍ നിന്നുമുള്ളത്?
15. ജില്ലാതല ഉദ്യോഗസ്ഥതലത്തിലുള്ള എസ്.സി./എസ്.ടി പ്രാതിനിത്യം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടിരിക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
16. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപന്റ്, ലെംസം ഗ്രാന്റ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
17. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ ഈ വിഭാഗങ്ങള്‍ക്ക് മാത്രമായി ഒരു സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റ് നടത്താന്‍ താങ്കളുടെ സര്‍ക്കാര്‍ മുന്നോട്ട് വരുമോ?
18. പട്ടികജാതിക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാപിച്ച ഐ.എ.എസ് അക്കാദമി മറ്റൊരു ഏജന്‍സിക്ക് തീറെഴുതി കൊടുത്തത് എന്തിനാണെന്ന് വിശദീകരിക്കാമോ?
19. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പാലക്കാട്ട് സ്ഥാപിച്ച പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനും അടച്ചു പൂട്ടാനും ഈ സര്‍ക്കാര്‍ തുടക്കത്തിലെ ശ്രമിച്ചു വരുന്നത് അവസാനിപ്പിച്ച് പ്രസ്തുത മെഡിക്കല്‍ കോളേജ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
20. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നത് താങ്കളുടെ ഭരണകാലത്താണ്. സാംസ്‌ക്കാരിക കേരളത്തിനാകെ അപമാനകരമായ ഈ സംഭവത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനല്ലേ സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്?
21. അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം മുപ്പതായി ഉയര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയല്ലേ?
22. ചെങ്ങറ ഭൂസമരം സര്‍വ്വ ശക്തിയുപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലേ താങ്കള്‍?
23. അരിപ്പ ഭൂസമരം അവസാനിപ്പിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.?
24. ആദിവാസികളും ദളിതരും തിങ്ങിപ്പാര്‍ക്കുന്ന പെരിങ്ങമല പഞ്ചായത്തിലെ അഗ്രിഫാമില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കി കൊണ്ട് നൂറു കണക്കിന് ദളിത് ആദിവാസികളെ ദ്രോഹിക്കുന്ന നിലപാടല്ലേ താങ്കളുടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.?
25. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടികജാതി സമുദായങ്ങള്‍ക്ക് നല്‍കിയ എയിഡഡ് കോളേജുകളിലെ നിയമനങ്ങള്‍ക്ക് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അംഗീകാരം നല്‍കാത്തത് എന്ത് കൊണ്ടാണ്?
26. മുഖ്യമന്ത്രിയായി താങ്കള്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഒന്നര മാസത്തേക്ക് മുഖ്യമന്ത്രിയുടെ താല്‍ക്കാലിക ചുമതല മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന പട്ടികജാതി വകുപ്പ് മന്ത്രി ഏ.കെ.ബാലന് നല്‍കാതെ ഇ.പി ജയരാജനെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയത് പട്ടികജാതിക്കാരോട് കാണിക്കുന്ന കപട സ്‌നേഹത്തിന്റെ ഉദാഹരണമല്ലേ?
27. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന താങ്കള്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കാതെ കോടിയേരി ബാലകൃഷ്ണനെ ഏല്‍പ്പിക്കുകയും അതേ താങ്കള്‍ മുഖ്യമന്ത്രിയായപ്പോള്‍ ആഭ്യന്തര വകുപ്പ് പട്ടികജാതിക്കാരനായ മന്ത്രി ഏ.കെ.ബാലന് നല്‍കി ഈ വിഭാഗത്തോടുള്ള പാര്‍ട്ടിയുടെ കൂറ് കാണിക്കാതെ ആഭ്യന്തര വകുപ്പ് കൈവശം വച്ചിരിക്കുന്നത് ഏത് സാമൂഹ്യ നീതിയുടെ ഭാഗമാണ്?
28. പോലീസ് മര്‍ദ്ദനങ്ങളും ലോക്കപ്പ് കൊലപാതകങ്ങളും പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് താങ്കള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന കാലഘട്ടത്തില്‍ അല്ലേ?
29. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കാന്‍ പോലീസ് ഒത്താശ ചെയ്യുന്നുവെന്ന അഭിമന്യൂവിന്റെ പിതാവിന്റെ ആരോപണം താങ്കള്‍ ശ്രദ്ധിച്ചില്ലേ?
30. 1 ാം യു.പി.എ സര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമം നടപ്പാക്കാന്‍ യാതൊരു താല്‍പര്യവും കാട്ടാത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട വനഭൂമിയില്‍ ലഭിച്ച അവകാശം നിഷേധിക്കുന്നത് അങ്ങയുടെ സര്‍ക്കാര്‍ ആണല്ലോ?
31. പട്ടികജാതിക്കാര്‍ക്ക് ബ്ലോക്ക്, പഞ്ചായത്തുകള്‍ വഴി പ്രത്യേക പദ്ധതിയിലൂടെ ലഭിച്ചു കൊണ്ടിരുന്ന ഭവന നിര്‍മ്മാണ പദ്ധതി താങ്കളുടെ സര്‍ക്കാര്‍ ലൈഫ് മിഷനില്‍ ലയിപ്പിച്ചതോടു കൂടി ഈ വിഭാഗങ്ങള്‍ക്ക് വീട് ലഭിക്കുന്ന സാഹചര്യം നഷ്ടപ്പെടുത്തിയത് അങ്ങയുടെ സര്‍ക്കാര്‍ ആണെന്നുള്ള കാര്യം വിസ്മരിക്കുകയാണോ
32. സംസ്ഥാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
33. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ കാലഘട്ടത്തില്‍ നവോത്ഥാന സദസ്സുകളോ, വനിതാ മതിലുകലോ അല്ല വേണ്ടത് മറിച്ച് വീടും വസ്തുവും ഉദ്യോഗവുമാണെന്ന കാര്യം താങ്കള്‍ മനപൂര്‍വ്വം വിസ്മരിക്കുകയാണോ?
34. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്ര പ്രതികളെ ഇതിനകം ശിക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
35. സഹകരണ മേഖലയില്‍ താങ്കളുടെ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാന്‍ നവോത്ഥാന വാര്‍ഷിക കാലത്ത് നടപടികള്‍ സ്വീകരിക്കാന്‍ അങ്ങയുടെ പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കുമോ?
36. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ നീയന്ത്രണത്തിലുള്ള കാവുകളുടേയും ക്ഷേത്രങ്ങളുടേയും പുനരുദ്ധാരണത്തിനും സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനും താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
37. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ അധീനതയിലുള്ള തലമുറ തലമുറകളായി കൈവശം വച്ച് ആരാധന നടത്തുന്ന ക്ഷേത്രങ്ങളെ മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ കൈയേറി അവകാശം സ്ഥാപിക്കുന്നത് തടയാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്.?
38. താങ്കളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിലെ വിവിധ കോളേജുകളിലും ക്യാമ്പസുകളിലും എസ്.എഫ്‌.െഎക്കാര്‍ ദളിത് വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചിട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാക്കാത്തത് എന്തു കൊണ്ടാണ്.?
39. എറണാകുളം മഹാരാജാസ് കോളേജിലെ പട്ടികജാതിക്കാരിയായ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച് വധ ഭീഷണി മുഴക്കിയപ്പോഴും പാലക്കാട് വിക്‌ടോറിയാ കോളേജില്‍ പട്ടികജാതിക്കാരിയായ പ്രിന്‍സിപ്പാളിനെ എസ്.എഫ്‌.െഎക്കാര്‍ ക്രൂരമായി അധിക്ഷേപിച്ചപ്പോഴും അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ അല്ലേ അങ്ങയുടേത്.
40. കണ്ണൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പട്ടികജാതിക്കാരി ചിത്രലേഖയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി അവരെ മാനസികമായി പീഡിപ്പിച്ചതിന് നേതൃത്വം നല്‍കിയത് അങ്ങയുടെ പാര്‍ട്ടിയായ സി.പി.എം തന്നെയല്ലെ.
41. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി റിസര്‍ച്ച് സ്‌ക്കോളറായ ദീപ.വി.മോഹനെ എസ്.എഫ്.ഐ ക്കാര്‍ ക്രൂരമായി പീഡിപ്പിച്ചതും നവോത്ഥാനത്തിന്റെ ഭാഗമാണോ?
42. മഹാനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ശ്രീ.അയ്യന്‍കാളിയുടെ പ്രതിമ വെള്ളയമ്പലത്ത് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് 1977-78 കാലഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീഎ.കെ.ആന്റണി ആയിരുന്നല്ലോ. അയ്യന്‍കാളിയുടെ പ്രതിമയുടെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത് ആ കാലഘട്ടത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കളായ കെ.കെ.ബാലകൃഷ്ണന്‍, കെ.കുഞ്ഞാമ്പു, കെ.പി.മാധവന്‍ തുടങ്ങിയവരാണ്. അയ്യന്‍കാളി പ്രതിമയില്‍ വനിതാ മതിലിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന താങ്കള്‍ ആ ചരിത്ര പുരുഷന്റെ ഓര്‍മ്മയ്ക്കായി മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കളും സി.പി.എമ്മും എന്ത് സംഭാവനയാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
43. കെ.പി.എം.എസ്, ചേരമര്‍സംഘം, സി.എഫ്.ഡി.എസ്, സാംബവ മഹാസഭ, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി തുടങ്ങിയ സമുദായ സംഘടനകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും തുടക്കം മുതല്‍ എതിര്‍ക്കുകയും സമുദായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ സി.പി.എം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് ഈ സംഘടനകളെ തളര്‍ത്താന്‍ താങ്കളുടെ പാര്‍ട്ടി നിരന്തരം ശ്രമിച്ചുക്കൊണ്ടിരുന്നത് താങ്കള്‍ മറന്നാലും ഈ ജനവിഭാഗങ്ങള്‍ മറക്കാനിടയില്ലെന്ന് ഓര്‍ക്കുമല്ലോ?
44. കോട്ടയം കേന്ദ്രമായി രൂപം കൊണ്ട ചേരമര്‍ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ മന:പൂര്‍വ്വം തടസ്സപ്പെടുത്തി ആ സമുദായത്തിലെ നേതാക്കന്മാരെ ഭരണത്തിന്റെ തണലില്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി 18 ഓളം കേസ്സുകളില്‍ പ്രതികളാക്കി ജയില്‍ അടച്ച താങ്കളുടെ സര്‍ക്കാരും പാര്‍ട്ടിയും നവോത്ഥാനത്തെ കുറിച്ച് നടത്തുന്ന പ്രസംഗം വെറും ചാരിത്ര്യ പ്രസംഗം മാത്രമല്ലേ?
45. ദളിത് കവിയായ എസ്.കലേഷിന്റെ കവിത മോഷ്ടിച്ച ദീപാ നിഷാന്തിനെ പിന്‍തുണയ്ക്കുന്നത് താങ്കളുടേയും സര്‍ക്കാരിന്റേയും നയമല്ലേ. ഇത്തരം സാംസ്‌ക്കാരിക ഫാസിസത്തിന് കൂട്ടുനില്‍ക്കുന്ന ഈ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ജാതി വിഭജന മതിലില്‍ ആത്മാഭിമാനമുള്ള പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും എങ്ങനെയാണ് പങ്കെടുക്കുക.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുമ്പോള്‍ താങ്കള്‍ മുഖ്യമന്ത്രിയായി ഭരിക്കുന്ന കേരളത്തിലും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ദ്രോഹ നടപടികള്‍ അതേപടി നടപ്പാക്കി കൊണ്ട് മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.