ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കെതിരെ കെഎസ്‌യു പരാതി നല്‍കി. കൊടി സുനി പോലീസിന്റെ സഹായത്തോടെ മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിക്കെതിരെ കേസ് എടുക്കാത്തതിനെതിരെയാണ് കെ എസ് യു പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയാണ് പരാതി നല്‍കിയത്.
പൊതുസുരക്ഷയ്ക്കും നിയമത്തിനും വെല്ലുവിളിയാകുന്ന സംഭവത്തില്‍ ഇതുവരെ യാതൊരു നടപടിയും പ്രതിക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നത് വേദനാജനകമാണെന്ന് പരാതിയില്‍ പറയുന്നു. സാധാരണ പൗരന്മാര്‍ക്കെതിരെ പോലും കര്‍ശനമായി നിയമം നടപ്പാക്കപ്പെടുന്ന സാഹചര്യത്തില്‍ ഗുരുതരമായ കേസില്‍ പ്രതികളായിരിക്കുന്നവര്‍ക്കെതിരെ ഇങ്ങനെ പ്രത്യേക ഇളവുകളും സംരക്ഷണങ്ങളും നല്‍കുന്നത് നിയമത്തെ അപമാനിക്കുന്നതാണ്. ഇതിനാല്‍ കൊടി സുനിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ എസ് യു പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.
പൊലീസിനെ കാവല്‍ നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കുറ്റവാളികളുടെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.