മുന്‍ അന്ധ്രാപ്രദേശ് സ്പീക്കര്‍ ആത്മഹത്യ ചെയ്തു; അഴിമതിയോരോപണത്തില്‍ മനംനൊന്തെന്ന് ടി.ഡി.പി

Jaihind Webdesk
Monday, September 16, 2019

മുന്‍ ആന്ധ്രാപ്രദേശ് നിയമസഭാ സ്പീക്കറും ടിഡിപി നേതാവുമായ കൊഡല ശിവപ്രസാദ് റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊഡലയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യ. ഇന്ന് രാവിലെയോടെയാണ് വീടിനുള്ളില്‍ കൊഡലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊഡലയെ ബസവ തരക്രമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് കൊഡലക്കും മകള്‍ക്കുമെതിരെ നിരവധി അഴിമതി കേസുകള്‍ ഉയര്‍ന്നിരുന്നു. ആന്ധ്രപ്രദേശ് അസംബ്ലിയില്‍ നിന്ന് കസേരകളും മേശകളും മോഷ്ടിച്ചുവെന്നും അത് മക്കളുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയിലേക്ക് മാറ്റിയെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.

മുന്‍ മന്ത്രി കൂടിയായ കൊഡലയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രതികരിച്ചു. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ഭരണത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുടെ തെളിവാണ് കൊഡലയുടെ മരണമെന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പ്രതികരിച്ചു. ജഗനെതിരെ റാലി സംഘടിപ്പിക്കാന്‍ തുടങ്ങുന്നതിനിടെ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും മകനെയും കഴിഞ്ഞ ദിവസം വീട്ടു തടങ്കലിലാക്കിയിരുന്നു.