കൊടകര കുഴല്‍പ്പണക്കേസ് : ബിജെപി ജില്ലാ ഭാരവാഹികളെ ചോദ്യം ചെയ്യും ; ധര്‍മ്മരാജന്‍ വീണ്ടും കോടതിയിലേക്ക്

Jaihind Webdesk
Thursday, June 10, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ജില്ലാ ട്രഷറർ സുജയ് സേനനെയും അന്വേഷണസംഘം വിളിപ്പിക്കും. അതിനിടെ പിടിച്ചെടുത്ത പണം വിട്ടുകിട്ടാൻ പരാതിക്കാരനായ ധർമ്മരാജൻ വീണ്ടും കോടതിയെ സമീപിക്കും.

കൊടകര കുഴൽപ്പണക്കേസിൽ പണം വിതരണം ചെയ്ത വഴികളിലൂടെയാണ് ഇപ്പോൾ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. ധർമ്മരാജൻ 10 കോടി രൂപ തൃശൂരിൽ എത്തിച്ചു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ 6 കോടി രൂപ തൃശൂരിൽ ഏൽപ്പിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ജില്ലാ നേതാക്കളെ ചോദ്യം ചെയ്യുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു ഉല്ലാസ് ബാബു. ഇയാളുടെ ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നേരത്തെ തന്നെ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതിനിടെ കൊടകരയിൽ പണം കവർച്ച ചെയ്യപ്പെട്ട ശേഷം ധർമ്മരാജന്‍റെ ഡ്രൈവർ ഷംജീർ തൃശൂരിലേക്ക് മടങ്ങിയത് ജില്ലാ ട്രഷറർ സുജയ് സേനന്‍റെ കാറിലാണെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സുജയ് സേനനെ വിളിച്ച് വരുത്തും. നേരത്തെ ഒരു തവണ സുജയ് സേനനെ ചോദ്യം ചെയ്തിരുന്നു. കേസിൽ നഷ്ടപ്പെട്ട പണത്തിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് ധർമ്മരാജന്‍റെ തീരുമാനം. ഇന്നലെ സാങ്കേതിക കാരണങ്ങളാലാണ് ഇരിങ്ങാലക്കുട കോടതി ഹർജി മടക്കിയത്. ധർമ്മരാജൻ, സുനിൽ നായിക്ക്, ഷംജീർ എന്നിവർ ഒരുമിച്ചാണ് ഹർജി നൽകിയിരുന്നത്.
ഇങ്ങിനെ ഹർജി ഫയൽ ചെയ്യാൻ കഴിയില്ലെന്നും വെവ്വേറെ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.