കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക്; എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നിലച്ച മട്ടില്‍

Jaihind Webdesk
Wednesday, May 19, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാളെ മുതൽ തൃശൂരിൽ ക്യാമ്പ് ചെയ്ത് നടപടികൾ ശക്തമാക്കും. അതിനിടെ കേസിലെ എൻഫോഴ്സ്മെന്‍റ് അന്വേഷണം നിലച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടു വന്ന മൂന്നര കോടി രൂപയുടെ കുഴൽ പണം തട്ടിയെടുത്ത കേസിൽ രണ്ട് ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്തുകയാണ്. പണവുമായി വന്ന സംഘത്തെ തൃശൂരിൽ ഒരു രാത്രി തങ്ങാൻ നിർബന്ധിക്കുകയും ഇതിന് സൗകര്യം ഒരുക്കുകയും ചെയ്ത നേതാവാണ് സംശയ നിഴലിൽ ഉള്ള പ്രധാനി. കവർച്ചയ്ക്ക് ശേഷം കൊടകരയിൽ എത്തി ഒത്തുതീർപ്പിന് ശ്രമിച്ച മറ്റൊരു നേതാവും സംശയ നിഴലിലാണ്. കുഴൽ പണവുമായി പോയ സംഘത്തെ നിർബന്ധിച്ച് തൃശൂരിൽ താമസിപ്പിച്ചത് കവർച്ച ആസൂത്രണം ചെയ്തവരെ സഹായിക്കാനാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

25 ലക്ഷം രൂപ കവർന്നു എന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഇതുവരെ 87 ലക്ഷം രൂപയോളം കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജന്‍റെ ഡ്രൈവർ ഷംജീറാണ് പരാതിക്കാരൻ. പിന്നീട് നടത്തിയ അന്വേഷണത്തിൽ പണം കൊടുത്തു വിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായിരുന്നു.

കുഴൽപണം തട്ടിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇ.ഡി വ്യക്തമാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കേസ് ആയതിനാൽ കേന്ദ്ര ഏജൻസിക്ക് പൂട്ട് വീണുവെന്നാണ് ആരോപണം.