കൊടകര കുഴല്‍പ്പണക്കേസ് ; തുടരന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍

Jaihind Webdesk
Sunday, November 3, 2024


തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മൂന്ന് വര്‍ഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശന്‍ ചോദിച്ചു.

കൊടകരയിലെ പോലീസ് റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയന്‍ ഉന്നയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയന്‍ ബിജെപി നേതാക്കള്‍ക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസില്‍ മുന്നോട്ടു പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.

സുരേഷ് ഗോപിയുടെ കേസില്‍ ആംബുലന്‍സ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലന്‍സിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവന്‍ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുന്‍പില്‍ പോലീസിന്റെ പൈലറ്റും പുറകില്‍ പോലീസിന്റെ എസ്‌കോര്‍ട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.