കൊടകര കുഴല്‍പ്പണ കവർച്ചാ കേസില്‍ കുറ്റപത്രം സമർപ്പിച്ചു : പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയെന്ന് പൊലീസ് ; കെ സുരേന്ദ്രന്‍ ഏഴാം സാക്ഷി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഇരിങ്ങാലക്കുട കോടതിയില്‍ പൊലീസ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയുള്ള കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്.  മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രന്‍റെ മകനടക്കം കേസില്‍ 216 സാക്ഷികള്‍.

കെ സുരേന്ദ്രന്‍റെ മകനടക്കം  216 സാക്ഷികളാണുള്ളത്. കർണ്ണാടകയില്‍ നിന്നും കള്ളപ്പണം കൊടകരയില്‍ എത്തിയത് സുരേന്ദ്രന്‍റെ അറിവോടെയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പണം കേരളത്തിലെത്തിക്കാന്‍ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപി നേതൃത്വമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

കേസിൽ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണം. തട്ടിയെടുത്ത പണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമർശങ്ങള്‍.

 

 

 

 

 

 

 

Comments (0)
Add Comment