കൊടകര കുഴല്‍പണക്കേസ്: ഇ.ഡി കേസിനെ നിസ്സാരവല്‍ക്കരിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind News Bureau
Thursday, March 27, 2025

കൊടകര കുഴല്‍പ്പണക്കേസ് ലോക്‌സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇ.ഡി കേസിനെ നിസ്സാരവല്‍ക്കരിച്ചുവെന്നും കേസില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ പറഞ്ഞു. കൊടകരയില്‍ ഇ ഡി യ്ക്ക് നിഷ്പക്ഷതയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തിയിരുന്നു.

കേരള പൊലീസിന്‍റെ നിഗമനങ്ങളും കുറ്റപത്രവും തള്ളിയാണ് കൊടകര കുഴല്‍പണക്കവര്‍ച്ച കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് കൊണ്ടുവന്ന പണം എന്ന പൊലീസിന്‍റെ കണ്ടെത്തലാണ് അന്വേഷണ ഏജന്‍സി തള്ളിയത്. വിഷയത്തില്‍ രാഷ്ട്രീയ ബന്ധത്തിലേക്കു കടക്കാതെ ബിജെപി അംഗങ്ങളുടെ പേരുകള്‍ ഇല്ലാതെയാണ് ഇ.ഡിയുടെ കുറ്റപത്രം. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.