കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് കുറ്റപത്രം ; സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികള്‍

Jaihind Webdesk
Friday, July 23, 2021

 

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ബിജെപി നേതാക്കൾ ആരും പ്രതിപ്പട്ടികയിൽ ഇല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കൾ കേസിൽ സാക്ഷികളാകും.

കവർച്ചാ കേസിൽ ഊന്നി നിന്നാകും കുറ്റപത്രം സമർപ്പിക്കുക. കവർച്ചാ കേസിൽ പിടിയിലായ 22 പേരാണ് പ്രതി പട്ടികയിലുള്ളത്. ആകെ 200 സാക്ഷികൾ ഉണ്ട്. സാക്ഷി പട്ടികയിൽ കെ സുരേന്ദ്രൻ അടക്കം ചോദ്യം ചെയ്ത 19 ബിജെപി നേതാക്കളും ഉൾപ്പെടുന്നു.

കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന് നിർദ്ദേശം നൽകണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.

ചോദ്യംചെയ്യലിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ബിജെപി നേതാക്കളിൽ നിന്ന്​ ലഭിച്ചിട്ടില്ല. നേതാക്കളുടെ മൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നര കോടി കവർന്ന കേസിൽ 2 കോടി രൂപ ഇനിയും കണ്ടെടുക്കാനുണ്ട്. നഷ്​ടപ്പെട്ട രണ്ടുകോടി പ്രതികൾ ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്​കരമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.