കൊടകര കുഴല്‍പ്പണക്കേസ് : റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

Jaihind Webdesk
Saturday, May 8, 2021

 

തൃശൂർ : കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ഡിജിപിയുടെ നിർദേശ പ്രകാരമാണ് നടപടി. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ളതിനാലാണ് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. കേസിൽ ഇതുവരെ 19 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. എന്നാൽ ഇപ്പോൾ തന്നെ 50 ലക്ഷത്തിൽ അധികം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മൂന്നര കോടിയുടെ കടത്താണ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ പ്രതികളും കൂടുതൽ പണമിടപാടും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപാണ് പുലർച്ചെ കൊടകരയിൽ വെച്ച് പണവും കാറും കവർന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുപോവുകയായിരുന്നു പണം എന്നാണ് ലഭിക്കുന്ന വിവരം. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ വഴി കൊടുത്തുവിട്ട പണമാണ് നഷ്ടപ്പെട്ടതെന്ന് കേസ് അന്വേഷണത്തിന്‍റെ ചുമതലയുണ്ടായിരുന്ന എസ്പി, ജി പൂങ്കുഴലി വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായവരെല്ലാം കണ്ണൂരിലെയും തൃശൂരിലെയും കുഴൽപ്പണ-ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ടവരാണ്. അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കുന്നതോടെ സംഭവത്തിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വന്നേക്കും.