കൊടകരയിലെ മൂന്നര കോടി ബിജെപിയുടേത് ; ധർമ്മരാജന്‍റെ മൊഴി പകർപ്പ് പുറത്ത്

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെട്ടിലാക്കി പരാതിക്കാരൻ ധർമരാജൻ നൽകിയ മൊഴി പുറത്ത്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് വ്യക്തമാക്കിയാണ് ധർമരാജൻ ആദ്യം മൊഴി നൽകിയത്. പിന്നീട് ബിജെപി നേതാക്കളുടെ പ്രേരണയനുസരിച്ചാണ് പണത്തിനായി അവകാശ വാദം ഉന്നയിച്ചതെന്നും ധർമരാജൻ അന്വേഷണ സംഘത്തെ അറിയിച്ചു.

ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്. കവർച്ച നടന്ന ശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് പണത്തിൻ്റെ ബി.ജെ.പി ബന്ധം ധർമരാജൻ തുറന്ന് പറഞ്ഞത്. കൊടകര ദേശീയപാതയിൽ കവർന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിൻ്റെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധർമരാജൻ ആദ്യം പറഞ്ഞത്.

പക്ഷേ, പിന്നീട് ഇരിങ്ങാലക്കുട കോടതിയിൽ ഇത് മാറ്റി പറഞ്ഞിരുന്നു. ഡൽഹിയിലെ ബിസിനസുകാരൻ്റെ പണം ആണെന്നായിരുന്നു കോടതിയിൽ പറഞ്ഞത്. ബിജെപി നേതാക്കളുടെ പ്രേരണയാലാണ് മൊഴി മാറ്റിയതെന്ന് ധർമരാജൻ പിന്നീട് അന്വേഷണ സംഘത്തിന് വിശദീകരണം നൽകി.

Comments (0)
Add Comment