തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിന്‍റെ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക്.
സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.
ഇന്ന് ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
കേസിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി നേതൃനിരയിലെ പ്രമുഖനും സംഘടനാ സെക്രട്ടറിയുമായ എം ഗണേശനിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നത്. നാളെ തൃശൂരിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഗണേശനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. പണം കൊടുത്തുവിട്ട യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പണം കൊണ്ടുവന്ന ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. കവർച്ച ചെയ്തത് മൂന്നര കോടി രൂപ തന്നെയാണെന്നും വ്യക്തമായി. നേരത്തെ 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടു എന്നായിരുന്നു ധർമരാജന്‍റെ പരാതി. എന്നാൽ പോലീസ് ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടു വന്നത് എന്ന വിവരവും ലഭിച്ചു.
കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പാൾ ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്. ഏപ്രിൽ 3 ന് പുലർച്ചെയാണ് ദേശീയ പാതയിലെ കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി പണം കവർന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന മൂന്നര കോടി രൂപയാണ് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടത്.