കുഴല്‍പ്പണ കേസ് : അന്വേഷണം കൂടുതല്‍ ബിജെപി നേതാക്കളിലേക്ക്; ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്തു

Jaihind Webdesk
Saturday, May 29, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുഴൽപ്പണ ഇടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.

തൃശൂർ പൊലീസ് ക്ലബ്ബിൽ മൂന്ന് മണിക്കൂറോളം ഗിരീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓഫീസ് സെക്രട്ടറി എന്ന നിലയിൽ ബിജെപിയുടെ പണമിടപാടുകളെ സംബന്ധിച്ചായിരുന്നു കൂടുതലും ആരാഞ്ഞത്. പാർട്ടിയുടെ എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും കൃത്യമായ രേഖകൾ ഉണ്ടെന്ന് ഗിരീഷ് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തുന്നതെന്നും ഗിരീഷ് വിശദീകരിച്ചു. അതേസമയം കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ അറിയാമെന്ന് ഗിരീഷ് സമ്മതിച്ചു. ആർ എസ് എസ് പ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയപരമായ ബന്ധമാണ് ധർമരാജനുമായി ഉള്ളത്. ഇയാളുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും ഗിരീഷ് മൊഴി നൽകി.

മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിപ്പിച്ചാലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന നിർദേശം നൽകി ഗിരീഷിനെ വിട്ടയച്ചു. കേസിൽ കൂടുതൽ ബിജെപി നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചോദ്യം ചെയ്ത നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഇവരിൽ ചിലരെ വീണ്ടും വിളിപ്പിക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കുന്നതോടെ കുഴൽ പണ കേസിന്‍റെ ചുരുൾ നിവരും എന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.