കൊടകര കുഴൽപ്പണ കേസ് : ബിജെപി-ആർഎസ്എസ് നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

Jaihind Webdesk
Saturday, May 22, 2021

 

തൃശൂർ : കൊടകര കുഴൽപണ കേസിൽ തൃശൂരിലെ ആർഎസ്എസ്- ബി ജെ പി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും.
കവർച്ചയുടെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി , ജില്ലാ ട്രഷറർ സുജയ് സേനൻ , ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരോടാണ് അന്വേഷണ സംഘം ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. പണം കൊടുത്തു വിട്ട യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പണം കൊണ്ടുവന്ന ആർ എസ് എസ് പ്രവർത്തകൻ ധർമരാജൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കവർച്ച ചെയ്യപ്പെട്ടത് മൂന്നര കോടി രൂപ തന്നെയാണെന്നും വ്യക്തമായി. നേരത്തെ 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടു എന്നായിരുന്നു ധർമരാജന്റെ പരാതി. എന്നാൽ പോലീസ് ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടു വന്നത് എന്ന വിവരവും ലഭിച്ചു. കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പാൾ ബി ജെ പി- ആർ എസ് എസ് നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്. ഏപ്രിൽ 3 ന് പുലർച്ചെയാണ് ദേശീയ പാതയിലെ കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി പണം കവർന്നത്. ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന മൂന്നര കോടി രൂപയാണ് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടത്.