കൊടകര കുഴല്‍പ്പണക്കേസ് : കവര്‍ച്ചാസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

Jaihind Webdesk
Thursday, June 3, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ കവർച്ചാ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ അമ്പതിനായിരം രൂപയും ഒമ്പതര പവൻ സ്വർണ്ണവും കൂടി കണ്ടെത്തി. ഇന്ന് ചോദ്യം ചെയ്ത ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്. മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. ഇതോടെ കവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അതിനിടെ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ വീണ്ടെടുക്കാനുള്ള അന്വേഷണം തുടരുകയാണ്.

ഇന്ന് അമ്പതിനായിരം രൂപയും ഒമ്പതര പവൻ സ്വർണ്ണവും കൂടി കണ്ടെത്തി. പ്രതിയായ
രഞ്ജിത്തിന്‍റെ ഭാര്യ ദീപ്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണത്തെ കുറിച്ച് വിവരം ലഭിച്ചത്. പ്രതി ബഷീറിന്‍റെ വീട്ടിൽ നിന്നാണ് അമ്പതിനായിരം രൂപ ലഭിച്ചത്. നേരത്തെ ഒന്നേകാൽ കോടി രൂപ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിരുന്നു.

ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ തൃശൂർ പോലീസ് ക്ലബ്ബിൽ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പത്മകുമാർ മൊഴി നൽകി. കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. എന്നാൽ സംഘടനാ കാര്യങ്ങൾക്ക് ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് പത്മകുമാർ സമ്മതിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും വിശദീകരണം നൽകി. പണം ആലപ്പുഴയിലേക്കാണ് കൊണ്ടു പോയതെന്ന ധർമ്മരാജന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായ എൽ പത്മകുമാറിനെ അന്വേഷണ സംഘം വിളിപ്പിച്ചത്.