കൊടകര കേസിലെ അട്ടിമറി ; മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനവും കസ്റ്റംസ് കമ്മിഷണറെ മാറ്റിയ നീക്കവും സംശയാസ്പദം ! ; ഒത്തുകളി പുറത്ത് കൊണ്ടുവരാന്‍ പ്രതിപക്ഷം

Jaihind Webdesk
Friday, July 16, 2021

​തിരുവനന്തപുരം : കൊടകര കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളെ പ്രതികളാക്കില്ലെന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനത്തിന് പിന്നിലെ ഒത്തുകളി  പുറത്ത് കൊണ്ടുവരാന്‍ ഒരുങ്ങി കോൺഗ്രസ് നേതൃത്വം. ലാ‌വ്‌ലിൻ കേസിലടക്കം പ്രതിപക്ഷം  ഉന്നയിക്കുന്ന എൽഡിഎഫ്- എൻഡിഎ ഒത്തുതീർപ്പ് ഫോർമുല ശരിവയ്‌ക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനമെന്ന്കോണ്‍ഗ്രസ് ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയുണ്ടായ നീക്കം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതാക്കൾ നോക്കികാണുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ ഇന്നലെ സ്ഥലം മാറ്റിയതും കൊടകര കേസും തമ്മിൽ കൂട്ടിവായിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്രയിൽ ജിഎസ്ടി കമ്മിഷണറായാണ് സുമിത് കുമാറിനെ സ്ഥലംമാറ്റിയത്.

സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്‌പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാംഗ്മൂലത്തിനെതിരെ എൽഡിഎഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്‍റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ- എൽഡിഎഫ് ധാരണയുണ്ടായിരുന്നുവെന്ന യുഡിഎഫ് ആരോപണത്തിന് മൂർച്ഛ കൂട്ടുന്നതാണ് കൊടകര കേസിൽ അന്വേഷണസംഘത്തിന്‍റെ തീരുമാനം.

കേസിലെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് അവസാനിപ്പിക്കുകയാണ്. ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ  ഇതൊരു കവർച്ചാക്കേസാക്കി  വെളുപ്പിച്ച് ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ .

കുറ്റപത്രത്തിൽ പറയുന്നത് പോലെ, കേസ് ഇ ഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി ആഴ്‌ചകൾക്കു മുമ്പേ തന്നെ സംസ്ഥാന പൊലീസ് കത്തു നൽകിയിരുന്നതാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അടക്കമുളളവർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്‍റ് പിൻവലിഞ്ഞത്.