അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നു തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കൂടുതല്‍ സമയം വേണമെന്ന് വിദഗ്ധര്‍. ഇവ മാറ്റുവാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. കൊല്ലം പോര്‍ട്ടിലേക്ക് കണ്ടെയ്‌നറുകള്‍ എത്തിക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്. ചീഫ് സെക്രട്ടറി ഇന്ന് കൊല്ലം ആലപ്പുഴ തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. തീരത്തടിയുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുവാനാണ് തീരുമാനം. എണ്ണപ്പാട നീക്കുന്ന ദൗത്യവും തുടരുകയാണ്.
ഇന്നലെ പുലര്‍ച്ചയാണ് തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപം മാന്തറ, വെട്ടൂര്‍, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞത്. തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ ഉള്ളത് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ആണെന്നും അപകടകരമല്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ കണ്ടെയ്നറുകള്‍ എത്തും എന്നതിനാല്‍ ജാഗ്രത തുടരണമെന്നാണ്് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം കൊച്ചിയില്‍ മറിഞ്ഞ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ പതിനാലെണ്ണമാണ് കൊല്ലം തീരത്തെത്തിയത്. നിലവില്‍ ജൂണ്‍ ഒന്ന് വരെ പ്രദേശത്ത് മീന്‍ പിടിത്തം നിരോധിച്ചിരിക്കുകയാണ്.