കുടകിൽ ട്രെക്കിംഗിനിടെ കൊച്ചി സ്വദേശിനിയെ കാണാതായി; തെരച്ചിൽ ഊർജ്ജിതം.

Jaihind News Bureau
Sunday, April 5, 2026

 

കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ കൊച്ചി സ്വദേശിയായ ശരണ്യയെ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു.കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തെരച്ചിൽ തുടരുന്നത്. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലാണ് കാണാതായ ശരണ്യ ജി.എസ്. ഏപ്രിൽ രണ്ട് വ്യാഴാഴ്ച മുതലാണ് യുവതിയെ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു.

ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ താമസിച്ച യുവതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് തടിയൻഡമോൾ ട്രക്കിംഗ് തുടങ്ങിയത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേർന്ന് പോകാൻ ശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെയുണ്ടായിരുന്നില്ല.

വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ വിളിച്ചറിയിച്ചതായും വിവരമുണ്ട്. എന്നാൽ, അതിനുശേഷം ഫോൺ സിഗ്നൽ നഷ്ടമായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ശരണ്യ ട്രക്കിംഗ് പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒരിടത്തും കണ്ടെത്താനായിട്ടില്ല.

നിബിഡവനത്തിലെ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ കാട്ടാനകൾ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വനപ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീർണമാണ്.പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന 60 അംഗസംഘം അഞ്ച് ഉപടീമുകളായി തിരിഞ്ഞ് ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഡ്രോണുകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് ഇടതൂർന്ന വനത്തിന്റെ ഉൾഭാഗങ്ങളിലും പാതകളിലും പരിശോധന നടത്തുന്നുണ്ട്. ശരണ്യ അപകടത്തിൽ‌പ്പെട്ടതാണോ, വഴിതെറ്റി കാടിന്റെ മറ്റൊരു ഭാഗത്ത് എത്തിയതാണോയെന്ന് അധികൃതർ അന്വേഷിച്ചുവരുകയാണ്.