കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 25 രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാര്‍ പങ്കെടുക്കും

Jaihind News Bureau
Friday, December 12, 2025

ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി.) ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ വെച്ച് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ‘ഫോര്‍ ദി ടൈം ബീയിംഗ്’ എന്ന പ്രമേയത്തില്‍ ഗോവയിലെ എച്ച്.എച്ച്. ആര്‍ട്ട് സ്പേസുമായി സഹകരിച്ച് നിഖില്‍ ചോപ്രയാണ് ഇത്തവണ ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കലാവിരുന്ന് 2026 മാര്‍ച്ച് 31-നാണ് സമാപിക്കുക.

25 രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാരുടെയും കലാസമൂഹങ്ങളുടെയും സൃഷ്ടികള്‍ ഈ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ അണിനിരക്കും. സാധാരണയായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബിനാലെ, ഇത്തവണ ഒറ്റപ്പെട്ട കേന്ദ്ര വേദി എന്ന ആശയത്തില്‍ നിന്ന് മാറി 22 വേദികളിലായാണ് നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസിന് പുറമെ, എറണാകുളം ഡൗണ്‍ടൗണിലെ ദര്‍ബാര്‍ ഹാള്‍ ഗാലറി, വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസ് എന്നിവയും പുതിയ വേദികളാണ്. കലാരൂപങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കൂടുതല്‍ വേദികള്‍ സന്ദര്‍ശകരെ സഹായിക്കുമെന്ന് കെ.ബി.എഫ്. ചെയര്‍പേഴ്സണ്‍ വേണു വി. പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചയ്ക്ക്, ആസ്പിന്‍വാള്‍ ഹൗസില്‍ വെച്ച് ചെണ്ട കലാകാരി മാര്‍ഗി രഹിത കൃഷ്ണദാസിന്റെയും സംഘത്തിന്റെയും തായമ്പകയോടെ ബിനാലെ പതാക ഉയര്‍ത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ അണിനിരക്കുന്ന ‘ശങ്ക ട്രൈബ്’ അവതരിപ്പിക്കുന്ന പൊതു കച്ചേരി നടക്കും. ‘ഇന്‍വിറ്റേഷന്‍സ്’, ‘ആര്‍ട്ട് ബൈ ചില്‍ഡ്രണ്‍’, ‘ഇടം’ തുടങ്ങിയ ഏഴ് അനുബന്ധ പരിപാടികളും മേളയുടെ ഭാഗമായുണ്ട്. രാജ്യത്തുടനീളമുള്ള 175-ല്‍ അധികം കലാ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകളോടെ ‘സ്റ്റുഡന്റ്സ് ബിനാലെ 2025-26’ മട്ടാഞ്ചേരിയിലെ വി.കെ.എല്‍. വെയര്‍ഹൗസില്‍ തുറക്കും. ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സമകാലീന കലയുടെ ഈ ആഘോഷത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും പ്രാദേശിക ബന്ധവും പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു.