കൊച്ചി കൂട്ടബലാത്സംഗം; യുവതിയടക്കം 4 പേര്‍ അറസ്റ്റില്‍; ബിയറില്‍ പൊടികലര്‍ത്തിയതായി പീഡനത്തിനിരയായ പെണ്‍കുട്ടി

Jaihind Webdesk
Saturday, November 19, 2022

കൊച്ചി: കൊച്ചിയില്‍ 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയും  കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുദീപ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.  പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നൽകിയോ എന്നതിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തനിക്ക് ബിയറില്‍ എന്തോ പൊടി ചേര്‍ത്ത് നൽകി മയക്കിയതായി സംശയമുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ബാറില്‍ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്നും തനിക്ക് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും യുവതി പറഞ്ഞു.അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച്‌ കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച്‌ പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നതായും യുവതി പറഞ്ഞു.