കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍; ഒളിച്ചിരുന്നത് വനപ്രദേശത്ത്

Jaihind Webdesk
Thursday, June 10, 2021

 

കൊച്ചി/തൃശൂര്‍ : കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിലായി. തൃശൂർ ജില്ലയിലെ മുണ്ടൂരിനടുത്തെ വനപ്രദേശത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് കൊച്ചി സിറ്റി പോലീസ് കമീഷണർ അറിയിച്ചു. ഇയാളുടെ വീടിന് സമീപമുള്ള ചതുപ്പ് നിറഞ്ഞ വനപ്രദേശത്ത് കഴിഞ്ഞ എട്ടാം തീയതി മുതൽ ഒളിവിൽ കഴിയുകയായിരുന്നു.

തൃശൂർ മുണ്ടൂരിനടുത്തെ അയ്യൻകുന്ന് വനപ്രദേശത്ത് നിന്നാണ് മാർട്ടിൻ ജോസഫിനെ പോലീസ്
കസ്റ്റഡിയിൽ എടുത്തത്. ചതുപ്പ് നിറഞ്ഞ വന പ്രദേശത്ത് കഴിഞ്ഞ എട്ടാം തീയതി മുതൽ മാർട്ടിൻ ഒളിവിൽ കഴിയുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘത്തോടൊപ്പം തൃശൂർ ജില്ലയിലെ സംഘവും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിന് ഒടുവിലാണ് മാർട്ടിൻ പിടിയിലായത്. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എ അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. നാട്ടുകാരും തെരച്ചിലില്‍ പങ്കാളികളായി. തെരച്ചിലിന് ഡ്രോണും ഉപയോഗപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെത്തിച്ച മാര്‍ട്ടിനെ നാളെ കോടതിയിൽ ഹാജരാക്കും.

കണ്ണൂർ സ്വദേശിനിയായ യുവതിയെ ഒരു മാസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് മാർട്ടിനെതിരായ കേസ്. ഏപ്രിൽ 8 നാണ് യുവതി പോലിസിൽ പരാതി നൽകിയത്. കൊച്ചിയിൽ തന്നെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 2 മാസത്തോളമായി പോലീസിന് പിടികൂടാനായില്ല. മാർട്ടിനെതിരെ ശാരീരിക പീഡനത്തിന് മറ്റൊരു യുവതിയും ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും മാർട്ടിൻ രക്ഷപ്പെട്ട് പുറത്തേക്ക് പോകുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേർ രാവിലെ പിടിയിലായിരുന്നു.