കൊച്ചി ലഹരിമരുന്ന് കേസിലെ അട്ടിമറി ; എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Jaihind Webdesk
Wednesday, August 25, 2021

കൊച്ചി : കാക്കനാട് ലഹരിമരുന്ന് പിടികൂടിയ കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. ലഹരിമരുന്ന് കേസില്‍ അട്ടിമറി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്സൈസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറുന്നത്. ഈ മാസം 19 ന് പുലര്‍ച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികൾ അടക്കം ഏഴ്പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം എംഡിഎംഎ കൂടി പിടികൂടിയിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എന്‍റഫോഴ്സ്മെ‍ന്‍റ്  ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് വിഭാഗം മഹസറില്‍ ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു. ഇത് എക്സൈസിൻ്റെ ഒളിച്ച് കളിയാണെന്ന ആരോപണത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.