
തിരുവനന്തപുരം: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നെന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍. ‘വ്യാകരണമില്ലാത്ത ജീവിതം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുള്ളത്. ഈ ‘ഡീലിന്’ ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പുസ്തകത്തില്‍ ആരോപിക്കുന്നു.
പുസ്തകത്തിലെ ‘ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാര്‍’ എന്ന അധ്യായത്തിലാണ് അന്ന് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഖാദര്‍ ആഞ്ഞടിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് കൃത്യമായ ഒരു പ്ലാനിന്റെ ഭാഗമായിരുന്നെന്നും ഇത് സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നും പുസ്തകം വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭ്യമായിട്ടുണ്ട്.
പത്രിക തള്ളിയതിനെത്തുടര്‍ന്ന് ബിജെപി ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്. എന്നാല്‍ ബിജെപിയുടെ വോട്ടുകള്‍ ഭൂരിപക്ഷവും ആസൂത്രിതമായി സിപിഎമ്മിലേക്ക് പോയതായാണ് ഖാദറിന്റെ വെളിപ്പെടുത്തല്‍. ഈ രഹസ്യ ധാരണയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം തുറന്നെഴുതുന്നു.