‘ഇപ്പോഴത്തെ ഒരു കള്ളനും മടിയില്‍ കനമുണ്ടാവില്ല’ ; മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് അല്ല സീനിയർ മാൻഡ്രേക്കെന്നും കെ.എം ഷാജി

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം:  സംസ്ഥാനത്തെ എല്ലാ അഴിമതികള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കെ.എം ഷാജി എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയരുത്. കക്കാനുള്ള സകല സാഹചര്യവും പരിശോധിച്ച ഇതുപോലൊരു സർക്കാർ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൈബർ ഗുണ്ടകളെ സിപിഎം മര്യാദ പഠിപ്പിക്കണം. കള്ളക്കടത്തിന് മന്ത്രി ജലീൽ വിശുദ്ധ ഖുറാനെ മറയാക്കി. ഖുറാൻ തിരിച്ചു കൊടുക്കാൻ ഒരുക്കമാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാലും സ്വർണ്ണം കൊടുക്കില്ലന്നല്ലേ നിങ്ങൾ പറയുന്നത്. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് പറയരുത്. ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടുണ്ടോ, കക്കാനുള്ള സകല സാഹചര്യവും പരിശോധിച്ച ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടില്ല’-  കെ.എം ഷാജി പറഞ്ഞു.

‘നാട്ടിൻ പുറങ്ങളിൽ പറയാറുണ്ട് ശർക്കര കുടത്തിൽ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? ഓണക്കിറ്റിലെ ശർക്കര കുടത്തിൽ പോലും കയ്യിട്ടുവാരിയവരാണ് ഇടതു സർക്കാർ. യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികൾ രാജ്യത്തുണ്ടാകും. അവർ സ്വേച്ഛാധിപതികളാണെന്നാണ് ചരിത്രം പറയുന്നത്. കൊവിഡ് എന്ന ദുരന്തത്തിന്‍റെ  മറവിൽ ഇവിടെ പലതും നടക്കുന്നു. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വിഡിയോ ഓടുന്നുണ്ട്. അതിൽ പറയുന്നത് മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക് ആണെന്നാണ്. എന്നാൽ അദ്ദേഹം ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക് ആണ്-കെ.എം. ഷാജി  കൂട്ടിച്ചേർത്തു.