
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം മുതിര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുക. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. 2025-ലെ ഇന്ത്യയുടെ അവസാനത്തെ ഏകദിന മത്സര പരമ്പര കൂടിയാണിത്.
വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. തിലക് വര്‍മ്മയെ ഏകദിന സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, യുവതാരം സായ് സുദര്ശന് ഇടം ലഭിച്ചില്ല. നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജൂറല്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന പുതുമുഖങ്ങള്‍.
രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ബാറ്റര്‍മാരായി ടീമില്‍ കളിക്കും. പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന് പരമ്പര നഷ്ടമാകും. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉള്‍പ്പെട്ടില്ല. പ്രതീക്ഷിച്ചിരുന്നതുപോലെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ഏകദിന പരമ്പര നവംബര്‍ 30 ന് റാഞ്ചിയില്‍ ആരംഭിക്കും. ഡിസംബര്‍ 3 ന് റായ്പൂരിലും ഡിസംബര്‍ 6 ന് വിശാഖപട്ടണത്തും മറ്റ് മത്സരങ്ങള്‍ നടക്കും.
ഇന്ത്യന്‍ ഏകദിന സ്ക്വാഡ്:
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജൂറല്‍.