രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആര്‍എസ്എസ് തന്ത്രമാണ് സിപിഎം പുലര്‍ത്തുന്നതെന്ന് കെ.കെ. രമ

Jaihind Webdesk
Wednesday, October 9, 2024

 

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പോലീസ് ഇടപെടല്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍എംപിഐ നേതാവും എംഎല്‍എയുമായ കെ.കെ രമ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഎം പുലര്‍ത്തുന്നതെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്‍റെ ഉദാഹരണമാണ്. സഖാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ വര്‍ഗീയ കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം കൊണ്ടുപോയതെന്നും രമ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഏടാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത്. ബിജെപിക്ക് എംപിയെ സമ്മാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഏജന്‍റായി എഡിജിപിയെ ഉപയോഗപ്പെടുത്തിയത് ഇതിന്‍റെ തെളിവ് കൂടിയാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ രാഷ്ട്രീയമായി ഉന്നയിക്കുന്നതുവരെ ഒരു അന്വേഷണം നടത്തുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ തയാറായില്ല.

ഇപ്പോള്‍ അന്‍വര്‍ നിങ്ങള്‍ക്ക് മോശക്കാരനാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ ഇരിക്കുമ്പോള്‍ ഏത് വൃത്തിക്കേടും ചെയ്താല്‍ അതിനെ സംരക്ഷിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാല്‍ എതിര്‍ക്കുന്ന, തള്ളിപ്പറയുന്ന രാഷ്ട്രീയമാണ് നിങ്ങള്‍ക്കുള്ളത്. 2019ല്‍ തൃശൂരിലെ വോട്ടുകള്‍ എവിടെ പോയെന്നാണ് സിപിഎം ചോദിക്കുന്നത്. 2021ല്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നിന്ന് സിപിഎമ്മിന് ലഭിച്ച വോട്ടുകള്‍ എവിടെ പോയെന്നും അത് ബിജെപിക്ക് പോയിട്ടില്ലെന്നും പറയാനുള്ള ധൈര്യമുണ്ടോ എന്നും രമ ചോദിച്ചു.

പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച കൊണ്ട് സമര്‍പ്പിക്കുമെന്ന് പറഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടാണ് സമര്‍പ്പിച്ചത്. ആരോപണവിധേയനായ എഡിജിപിയെ കൊണ്ടാണ് അന്വേഷണം നടത്തിയത്. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ വിശ്വാസ്യത തകര്‍ത്ത് ചില മേലാളന്മാരുടെ അജണ്ടകള്‍ക്ക് നിങ്ങള്‍ നടത്തുന്ന അധാര്‍മികമായ രാഷ്ട്രീയം എത്ര മറച്ചുപിടിച്ചാലും മറഞ്ഞിരിക്കില്ല. സത്യം ഒരുനാള്‍ വെളിപ്പെടുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയം പിന്നാമ്പുറങ്ങളിലായിരിക്കുമെന്ന് മറക്കേണ്ട. അത്തരത്തിലുള്ള രാഷ്ട്രീയവുമായാണ് നിങ്ങള്‍ പോകുന്നത്. പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.കെ. രമ വ്യക്തമാക്കി.