‘ഷാഫി പറമ്പില്‍ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന ആരോപണം ശുദ്ധ അസംബന്ധം; സൈബർ ആക്രമണം അംഗീകരിക്കാനാവില്ല, കുറ്റക്കാരെ കണ്ടെത്താനാകാത്തത് പോലീസിന്‍റെ പരാജയം’: കെ.കെ. രമ

 

കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥിക്കെതിരെ ഷാഫി പറമ്പിൽ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന ആരോപണം ശുദ്ധ അസംബദ്ധമെന്ന് ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ. രമ. കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവാത്തതാണ്. കുറ്റക്കാരെ കണ്ടെത്താനാകാത്തത് പോലീസിന്‍റെ പരാജയമാണെന്നും രമ പറഞ്ഞു. അതേസമയം പി. ജയരാജന്‍റെ ‘വെണ്ണപ്പാളി’ പരാമർശത്തില്‍ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ജയരാജനെതിരെ പരാതി നല്‍കുമെന്നും കെ.കെ. രമ വ്യക്തമാക്കി. തൃക്കാക്കരയില്‍ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവരെ ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ഉമാ തോമസ് എംഎല്‍എയും ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കെതിരായ അശ്ലീലപ്രചാരണം തടയുന്നതില്‍ പോലീസ് പരാജയമാണെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി. പോലീസിനും സൈബർ സെല്ലിനും ലഭിക്കുന്ന പരാതികളിൽ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് വ്യക്തി അധിക്ഷേപങ്ങൾ ആവർത്തിക്കാൻ കാരണം. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമ ആരോപണം ഉണ്ടായെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചതിന് ഉത്തരവാദി സംസ്ഥാനത്തെ പോലീസ് ആണ്. സൈബർ സെൽ അടക്കമുള്ളവ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ തുടരുന്നത്. പി. ജയരാജന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തെ കെ.കെ. ശൈലജ എതിർക്കുന്നതിന് പകരം ന്യായീകരിക്കുകയാണ് ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് വ്യക്തി അധിക്ഷേപങ്ങൾ നടക്കുന്നതെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും ആരോപണം തീര്‍ത്തും തെറ്റാണ്. ഇത് തെളിയിക്കാൻ എൽഡിഎഫിനെ വെല്ലുവിളിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു. വ്യക്തി അധിക്ഷേപ വിഷയത്തിൽ കക്ഷി രാഷ്ട്രീയമില്ലാതെ കെ.കെ. ശൈലജക്കൊപ്പമാണ് താനടക്കമുള്ളവർ നിലകൊള്ളുന്നതെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.

Comments (0)
Add Comment