സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകും : ശാരദക്കുട്ടിക്ക് മറുപടിയുമായി കെ.കെ. രമ

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള തന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ. രമ രംഗത്ത്. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനത്തിനു മനസിലാകുന്നുണ്ടെന്നും ടീച്ചര്‍ വളഞ്ഞുമൂക്കുപിടിക്കാതെ പി.ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ തയ്യാറാവണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടിക്കൊന്ന വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചരവാര്യരുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി കെ.കെ. രമയെ വിമർശിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‍റെ മകനെ പിന്തുണയ്ക്കുന്നതു ധാര്‍മികതയല്ലെന്നായിരുന്നു വിമര്‍ശനം.

“എന്താണ് ടീച്ചര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. കരുണാകരന്‍റെ കാലത്തുള്ള ആ ഉരുട്ടിക്കൊല ഒരുപക്ഷേ അന്നത്തെ പൊലീസുകാരുടെ നരനായാട്ടിന്‍റെ ഭാഗമായി നടന്നതായിരിക്കാം. അതിന് അന്നത്തെ മന്ത്രിയുടെ മകന് ഉത്തരവാദിത്തമുണ്ട് എന്ന് പറയുന്നത് ഏത് നീതിബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. സെലക്ടീവ്‌നെസ് ശരിയല്ലെന്നാണ് വളരെ ബഹുമാനത്തോടൂകൂടി എനിക്ക് ടീച്ചറോട് പറയാനുള്ളത്. കാരണം നിരവധി സ്ത്രീകള്‍ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ കുടുംബങ്ങളില്‍ ആളുകള്‍ നഷ്ടപ്പെടുമ്പോള്‍, മകനെ നഷ്ടപ്പെടുമ്പോള്‍, ഭര്‍ത്താവിനെ നഷ്ടപ്പെടുമ്പോള്‍, അച്ഛനെ നഷ്ടപ്പെടുമ്പോള്‍ പക്ഷേ ആ സമയത്തൊന്നും ഒരു പ്രതികരണവും ഇതുപോലുള്ള സാഹിത്യകാരന്‍മാരുടെ അടുത്തുനിന്നും കാണുന്നില്ല. വളരെ ബഹുമാനത്തോടെ എനിക്ക് ടീച്ചറോട് പറയാനുള്ളത്. ടീച്ചര്‍ ഈ വളഞ്ഞ് മൂക്കുപിടിക്കാതെ ജയരാജന് വോട്ട് ചെയ്യുക എന്ന് വളരെ കൃത്യമായി നേരെ പറഞ്ഞാല്‍ മതിയായിരുന്നു”- കെ.കെ രമ പറഞ്ഞു.

https://youtu.be/C8DFdNJWbJ8

Comments (0)
Add Comment