തുടര്‍ഭരണം സ്വപ്നത്തില്‍ മാത്രം ; ഇത് നാടിന് നാണക്കേടുണ്ടാക്കിയ സർക്കാർ : കെ.കെ രമ

Jaihind News Bureau
Friday, March 19, 2021

 

നാദാപുരം :  പിണറായി സർക്കാരിന്‍റെ തുടര്‍ഭരണം ഉറപ്പായും സ്വപ്നത്തില്‍ മാത്രമായിരിക്കുമെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ രോദനം കേള്‍ക്കാന്‍ സർക്കാരിന് കഴിഞ്ഞില്ല. പാവപ്പെട്ടവന്‍റെ വിശപ്പിന്‍റെ വിലയറിയാത്ത, സ്വന്തക്കാരെ മാത്രം സര്‍ക്കാര്‍ തലങ്ങളില്‍ തിരുകിക്കയറ്റിയ സർക്കാരാണിത്.  നാടിനാകെ നാണക്കേട് മാത്രമുണ്ടാക്കിയ ഈ സര്‍ക്കാര്‍ ഇനിയും തുടരണമെന്ന് ആര്‍ക്കാണ് ആഗ്രഹിക്കാന്‍ കഴിയുകയെന്നും കെ.കെ രമ ചോദിച്ചു.

നാദാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പ്രവീണ്‍കുമാറിന്‍റെ എടച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ . ചരിത്ര വിജയത്തിലേക്കുള്ള യാത്രയില്‍ പ്രവീണ്‍കുമാറിനൊപ്പം താനുമുണ്ടാകുമെന്നും രമ പറഞ്ഞു. ടി.കെ.അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.രഘുനാഥ്, എം.പി.ജാഫര്‍, എ.സജീവന്‍, സി.പി.സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെത്തിയ രമയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണം നല്‍കി.