‘അപകീര്‍‌ത്തി പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം’; എം.വി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും വക്കീല്‍ നോട്ടീസയച്ച് കെ.കെ രമ

Jaihind Webdesk
Monday, April 10, 2023

 

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന അപകീർത്തികരമായ പ്രസ്താവനയില്‍ നിയമനടപടിയുമായി കെ.കെ രമ എംഎല്‍എ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎയ്ക്കും ദേശാഭിമാനിക്കും എതിരെ കെ.കെ രമ വക്കീൽ നോട്ടീസ് അയച്ചു.

തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം ഇക്കാര്യത്തിൽമറുപടി ലഭിച്ചില്ലെങ്കിൽ മാനനഷ്ട കേസും ക്രിമിനൽ കേസും നൽകുമെന്നും രമ വക്കീൽ നോട്ടീസിലൂടെ അറിയിച്ചു.

നിയമസഭാ സംഘർഷത്തില്‍ കെ.കെ രമയുടെ കൈയ്ക്ക് ഒടിവുണ്ടായിട്ടില്ലെന്നും പരിക്ക് വ്യാജമാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സച്ചിൻ ദേവും ഇത്തരം പ്രസ്താവന നടത്തുകയും വ്യാജ എക്സ്റേകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വിദഗ്ധ പരിശോധനയിൽ രമയുടെ കൈക്ക് ഗുരുതരമായ പരിക്കുണ്ടെന്ന് വ്യക്തമാകുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസിലും സൈബർ സെല്ലിലും സ്പീക്കർക്കും കെ.കെ രമ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് തനിക്കെതിരെയുള്ള അപകീർത്തി പ്രചാരണത്തിന് കെ.കെ രമ വക്കീൽ നോട്ടീസ് അയച്ചത്.